ന്യൂസ് ക്ലിക്ക് കേസ് കേരളത്തിലേക്കും വ്യാപിപ്പിച്ച് ഡല്‍ഹി പോലീസ്; മലയാളി മാധ്യമപ്രവര്‍ത്തക അനുഷ പോളിന്റെ വീട്ടില്‍ റെയ്ഡ്

അനധികൃതഫണ്ടുകള്‍ സ്വീകരിച്ചുവെന്നാരോപിച്ച് ഇന്ത്യയിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനെതിരായി നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി കേരളത്തിലും റെയ്ഡ് നടത്തി ഡല്‍ഹി പൊലീസ്. കേരളത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്കിലെ മുന്‍ ജീവനക്കാരിയായിരുന്ന മലയാളിയായ അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടിലാണ് ഡല്‍ഹി പോലീസ് എത്തിയത്.

ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരായ അനുഷയുടെ അമ്മയുടെ കുടുംബവീടാണ് പത്തനംതിട്ട കൊടുമണിലുള്ളത്. അടുത്തിടെ പത്തനംതിട്ടയിലെത്തിയ അനുഷ തന്റെ കുറച്ച് സാധനങ്ങള്‍ വീട്ടില്‍ വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡല്‍ഹി പോലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പരിശോധന നടത്തിയ പോലീസ് ഒരു മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം ന്യൂസ്‌ക്ലിക്കിനെതിരായ നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ന്യൂസ്‌ക്ലിക്കിന്റെ ഓഫിസിലും മാധ്യമപ്രവര്‍ത്തകരുടെ വീട്ടിലും നടന്ന റെയ്ഡിലും ജീവനക്കാരുടെ അറസ്റ്റിലും പ്രതിഷേധിച്ച് മാധ്യമസംഘടനകള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ചിരുന്നു. മാധ്യമപ്രവര്‍ത്തനത്തെ തീവ്രവാദമായി കണക്കാക്കാനാവില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകര്‍ നിയമത്തിന് മുകളിലാണെന്ന് പറയുന്നില്ലെന്നും അങ്ങനെ ആകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് സമൂഹത്തിന്റെ ജനാധിപത്യ ഘടനയെ ബാധിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

More Stories from this section

family-dental
witywide