
ന്യൂഡല്‍ഹി : തലസ്ഥാനത്ത് ഇന്നു രാവിലെ കനത്ത മൂടല്‍മഞ്ഞ്. ഡല്‍ഹി-എന്‍സിആറിന്റെ ഭാഗങ്ങള്‍ മൂടിയ മഞ്ഞ് ദൃശ്യപരത ഏതാണ്ട് പൂജ്യത്തിലേക്ക് എത്തിച്ചു. നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതിനാല്‍ ദേശീയ തലസ്ഥാന മേഖലയില്‍ ശീത തരംഗത്തിന്റെ അവസ്ഥ തുടര്‍ന്നു.
ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളില്‍ താപനില കുറയുന്നത് തുടരുന്നതിനാല്‍ ഉത്തരേന്ത്യ മുഴുവന്‍ ശീത തരംഗത്തെ അഭിമുഖീകരിക്കുകയാണ്.
ദേശീയ തലസ്ഥാനത്ത് താപനില താഴ്ന്നതോടെ ഭവനരഹിതരായ ആളുകള്‍ രാത്രി ഷെല്‍ട്ടറുകളില്‍ അഭയം പ്രാപിച്ചു. രാംലീല മൈതാനത്തെ ഒരു നൈറ്റ് ഷെല്‍ട്ടറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയിലെത്തിയിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, വടക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് അതിവേഗം പടരുന്നതായി കാണിക്കുന്ന ഒരു ഉപഗ്രഹ ചിത്രവും കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു.
കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയിലെ സഫര്‍ജംഗില്‍ 50 മീറ്ററും പാലത്തില്‍ 125 മീറ്ററുമായി ദൂരക്കാഴ്ച കുറഞ്ഞു. അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍, പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ദൃശ്യപരത പൂജ്യം ആയി കുറഞ്ഞതായി പുലര്‍ച്ചെ 5.30 നുള്ള റിപ്പോര്‍ട്ട് പറയുന്നു. അതുപോലെ, ബറേലി, ലഖ്നൗ, പ്രയാഗ്രാജ് എന്നിവയുള്‍പ്പെടെ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളില്‍ ഇത് 25 മീറ്ററായി രേഖപ്പെടുത്തി. രാജസ്ഥാനിലെ ഗംഗാനഗറില്‍ 50 മീറ്ററായിരുന്നു.