ദീപാവലി ആഘോഷം അതിരു കടന്നു; ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും ആപത്തിൽ

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കു ശേഷം ചൊവ്വാഴ്ച പുലർച്ചെ രാജ്യ തലസ്ഥാനം ഉണർന്നെഴുന്നേറ്റത് വീണ്ടും ഗുരുതരമായ വായുമലിനീകരണത്തിലേക്ക്. ദീപാവലി ദിനത്തിൽ സുപ്രീം കോടതിയുടെ പടക്ക നിരോധനം ലംഘിച്ച് ആഘോഷം നടത്തിയത് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരത്തെ വീണ്ടും ബാധിച്ചു. ‘ഗുരുതരമായ’ അവസ്ഥയിലാണ് ഇന്ദ്രപ്രസ്ഥം ഇപ്പോൾ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിസിബി) കണക്കനുസരിച്ച് ദേശീയ തലസ്ഥാനത്തെ പൊതിഞ്ഞിരിക്കുകയാണ് വിഷ നിറഞ്ഞ പുകമഞ്ഞ്.

നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം. ബാവന(434), നരേല(418), രോഹിണി(417), ആർ.കെ പുരം(417), ദ്വാരകനരേല(404), ഒഖ്ലനരേല(402) തുടങ്ങിയ സ്ഥലങ്ങളിൽ മലിനീകരണം അതിരൂക്ഷാവസ്ഥയിലാണ്.

വായു​ഗുണനിലവാര സൂചികയുടെ കണക്കുകൾ പ്രകാരം പൂജ്യത്തിനും 50-നും ഇടയിലുള്ളവയാണ് മികച്ചതായി കണക്കാക്കുന്നത്. 51 മുതൽ 100 വരെയുള്ളവയും തൃപ്തികരമാണ്. 101 മുതൽ 200 വരെയുള്ള കണക്ക് മിതമായ മലിനീകരണമായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണക്കാക്കുന്നത്. 201-നും 300-നുമിടയിലുള്ള മലിനീകരണത്തോത് മോശം അവസ്ഥയെയും 301-നും 401-നുമിടയിലുള്ള തോത് വളരെ മോശം അവസ്ഥയേയും സൂചിപ്പിക്കുന്നു. സംഖ്യ 400-നു മുകളിൽ കടക്കുന്നതോടെ ​ഗുരുതാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ​ഗുരുതരാവസ്ഥയിലെത്തിയതായും കണക്കാക്കും.

തിങ്കളാഴ്ച, ദേശീയ തലസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വായുഗുണനിലവാരം ‘വളരെ മോശം’ അവസ്ഥയായ 358 ആയി രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹിയുടെ അയൽ നഗരങ്ങളായ നോയിഡയിലും ദേശീയ തലസ്ഥാന മേഖലയിലെ (എൻ‌സി‌ആർ) ഗുരുഗ്രാമിലും സ്ഥിതി സമാനമാണ്, ശരാശരി വായു ഗുണനിലവാരം യഥാക്രമം 363, 349 എന്നിങ്ങനെയാണ്.

More Stories from this section

family-dental
witywide