
ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കലാപം നടന്ന പ്രദേശങ്ങളിലാണ് ഉത്തര്‍പ്രദേശ് മാതൃകയില്‍ ബുള്‍ഡോസറുകള്‍ എത്തിയത്. നിരവധി വീടുകളും മരുന്ന് കടകള്‍, ഹോട്ടലുകള്‍ തുടങ്ങി നിരവധി വ്യാപാര സ്ഥാപനങ്ങലും ഇടിച്ചുനിരത്തി. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് നൂഹ് എസ്.ഡി.എം അശ്വനി കുമാര്‍ അറിയിച്ചു.
ഹരിയാന-ദില്ലി അതിര്‍ത്തി മേഖല കൂടിയായ നൂഹിലെ 20 കിലോമീറ്ററോളം പ്രദേശത്താണ് മൂന്ന് ദിവസം നീണ്ടുനിന്ന കലാപം ഉണ്ടായത്. ജൂലായ് 31ന് നൂഹിലെ ന്യൂനപക്ഷ ശക്തികേന്ദ്രത്തിലൂടെ കടന്നുപോയ വി.എച്ച്.പി റാലി അക്രമാസക്തമാവുകയും പിന്നീട് അത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കലാപമായി മാറുകയും ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കലാപ സമയത്ത് ഇപ്പോള്‍ പൊളിച്ച കെട്ടിടങ്ങളില്‍ നിന്ന് കല്ലേറുണ്ടായെന്ന് പൊലീസ് പറയുന്നു. അങ്ങനെ കലാപത്തിന് കാരണക്കാരായവര്‍ എന്ന് ആരോപിച്ചാണ് ഇപ്പോള്‍ ബുള്‍ഡോസര്‍ രാജ് ഹരിയാനയിലും ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
അതേസമയം വിശ്വഹിന്ദു പരിഷത്ത് നേതാക്കളുടെ പ്രകോപരമായ പ്രസംഗമായിരുന്നു യഥാര്‍ത്ഥത്തില്‍ ഹരിയാനയില്‍ സംഘര്‍ങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് പൊലീസ് സാന്നിധ്യത്തില്‍ മുസ്ളീങ്ങള്‍ക്ക് നേരെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വരെ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ അക്രമത്തെ മുന്നില്‍ നിന്ന് നയിച്ച പല നേതാക്കളും സ്വതന്ത്രരായി നടക്കുമ്പോഴാണ് ഒരു വിഭാഗത്തെ മാത്രം ലക്ഷ്യവെച്ചുള്ള നടപടികള്‍ ഹരിയാനയിലും പുരോഗമിക്കുന്നത്.
അനധികൃത കെട്ടിങ്ങളാണ് പൊളിച്ചുനീക്കിയതെന്ന വിശദീകരണമാണ് ഹരിയാന സര്‍ക്കാര്‍ നല്‍കുന്നത്. ഹരിയാനയില്‍ നടക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമമാണെന്ന് സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഹരിയാനയിലും കലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമികള്‍ നൂഹിലെ പള്ളികള്‍ക്ക് തീയിടുകയും ഒരു മുസ്ളീം പുരോഹിതനെ വധിക്കുകയും ചെയ്തു. വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. കലാപത്തിന്‍റെ തീയണയും മുമ്പാണ് മുസ്ളീങ്ങള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ എത്തി ഇടിച്ചുനിരത്തിയത്.
ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും കണ്ട സമാന കാഴ്ചകളാണ് ഇതോടെ ഹരിയാനയിലും ആവര്‍ത്തിക്കുന്നത്.