
തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര ദിനത്തോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിന്റെ ക്ഷണക്കത്ത് പിന്‍വലിച്ചു. രാജകുടുംബാംഗങ്ങളിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്‌കാരത്തെയും ദേവസ്വം ബോര്‍ഡ് എഴുന്നള്ളിക്കുകയാണെ് സിപിഎം അണികള്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ക്ഷണകത്ത് പിന്‍വലിച്ചത്.
തിരുമനസ്, രാജ്ഞി തുടങ്ങി രാജഭരണത്തിൽ മാത്രം കേട്ടിട്ടുള്ള ചില പ്രയോഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു നോട്ടീസ് തയാറാക്കിയത്. ചടങ്ങില്‍ ഭദ്രദീപം കൊളുത്തുന്നത് തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസിലുണ്ടായിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിലേക്കാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. നോട്ടീസ് പിൻവലിച്ചെങ്കിലും പരിപാടി തിങ്കളാഴ്ച നിശ്ചയിച്ചതു പോലെ തന്നെ നടത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ദേവസ്വം ബോർഡിന്റെ വിവാദ നോട്ടീസ് പരിശോധിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നു. ജാതിക്കെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങൾ നടന്ന നാടാണിതെന്നും എന്നിട്ടും ചിലതൊക്കെ അവശേഷിച്ചു കിടക്കുന്നുണ്ടെന്നും നോട്ടീസിൽ പറയാൻ പാടില്ലാത്ത എന്തെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം പിഴവ് സംഭവിച്ചത് യാദൃശ്ചികമായാണെന്നും ദുരുദ്ദേശ്യത്തോടെ തയാറാക്കിയതല്ല എന്നുമാണ് വിവാദത്തിൽ ദേവസ്വം ബോർഡ് പ്രതികരിച്ചത്.
നോട്ടീസിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിൽ അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. രണ്ട് അഭിനവ “തമ്പുരാട്ടി”മാരിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്കാരത്തെയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോർഡിൻ്റെ നീക്കം അപലനീയമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തിരുവിതാംകൂറിലെ ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശനമെന്നും അദ്ദേഹം ഓർമിപ്പിച്ചു.