മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചു, കല്യാണച്ചടങ്ങിലും പ്രശ്നങ്ങളുണ്ടാക്കി; ജീവിതം തകർത്തത് ലഹരിയെന്ന് ധ്യാൻ ശ്രീനിവാസൻ

കൊച്ചി: ഒരു സമയം താന്‍ രാവിലെ മുതല്‍ വൈകിട്ട് വരെ മദ്യത്തിന് അടിമയായിരുന്നുവെന്നും ലൗ ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലെ നായകനുമായി തന്‍റെ ജീവിതത്തിന് സാമ്യമുണ്ടായെന്നും ധ്യാൻ ശ്രീനിവാസൻ. സിന്തറ്റിക്ക് ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഭക്ഷണം കഴിക്കുന്ന പോലെയാണ് ലഹരി ഉപയോഗിച്ചിരുന്നതെന്നും മകളുടെ ജനനത്തിന് ശേഷമാണ് താന്‍ ലഹരി ഉപയോഗം കുറച്ചുവെന്നും ധ്യാന്‍ പറയുന്നു. ലഹരിയില്‍ നിന്നുള്ള പുനരധിവാസമാണ് തുടർച്ചയായുള്ള സിനിമാഭിനയമെന്നും ധ്യാന്‍ കൂട്ടിചേര്‍ത്തു.

‘‘ഞാനൊരു സെലിബ്രിറ്റി കിഡ് ആയിരുന്നല്ലോ, നെപ്പോ കിങ് എന്നൊക്കെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക്ക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്…വേറെ പണിയൊന്നുമില്ല. എന്തെങ്കിലും ചെയ്യണം. അപ്പോൾ ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. ലൗവ് ആക്‌ഷൻ ഡ്രാമയിലെ നിവിൻ പോളിയുടെ കഥാപാത്രം പോലെ തന്നെ.

“ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്. വേറെ പണിയൊന്നുമില്ലായിരുന്നു അപ്പൊ ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. മൊത്തത്തിൽ യൂസ്ലെസ് ആയിരുന്നു ഞാൻ. കല്ല്യാണത്തിന്റെ തലേ ദിവസം വരെ ഞാൻ ചീട്ടു കളിച്ചുകൊണ്ടിരിക്കുകയാണ്, ഞാൻ നശിച്ചുപോകുമെന്നാണ് എന്റെ കുടുംബം മൊത്തം വിചാരിച്ചിരുന്നത്. കല്ല്യാണം കഴിച്ചതിന് ശേഷമാണ് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുന്നത്. അച്ഛൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്, ഒരു സിനിമാറ്റിക് ജീവിതമായിരുന്നു എന്റേത്. 2013 ന് ശേഷം മദ്യപാനം കുറച്ചു, മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചതിനാണ് അന്ന് ഇറക്കിവിട്ടത്, ബോധം വന്നപ്പോഴാണ് വീട്ടിൽ നിന്നും പുറത്തായ വിവരം അറിയുന്നത്. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപരിയുന്നത്. പല സ്കൂളുകളിൽ നിന്നും മാറ്റിയിട്ടുണ്ട്.”

2013 ന് ശേഷം മദ്യപാനം കുറച്ച് ഓർഗാനിക്കിലേക്ക് കടന്നുവെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു, 2018 ൽ സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചു തുടങ്ങിയെന്നും താൻ കോളേജ് കാലഘട്ടത്തിൽ സിന്തറ്റിക് ഉപയോഗം നിർത്തിയതായിരുന്നുവെന്നും താരം കൂട്ടിചേർക്കുന്നു.

“മദ്യവും സിന്തറ്റിക്കും ഒരുമിച്ച് വന്നതോട് കൂടിയാണ് അച്ഛനുമായി കടുത്ത പ്രശ്നങ്ങൾ വരുന്നത്, ഇതൊന്നും ഒരിക്കലും ചെയ്യാൻ പാടില്ല, നമ്മൾ എന്താണ് പറയുന്നതൊന്നും അറിയാൻ പറ്റില്ല, എന്റെ ജീവിതം തുലച്ചത് സിന്തറ്റിക്ക് ഉപയോഗമാണ്. അതെന്റെ നശിച്ച കാലമായാണ് ഞാൻ കണക്കാക്കുന്നത്. 2019 തൊട്ട് 2021 വരെ ഞാൻ ഡ്രഗ്സ് ഉപയോഗിച്ചു, എല്ലാ ദിവസവും ഞാൻ ഉപയോഗിക്കുമായിരുന്നു, ഒറ്റയ്ക്കുള്ള ഉപയോഗം ഇഷ്ടപ്പെട്ട് തുടങ്ങുമ്പോഴാണ് ഇതിന് നമ്മൾ അടിമകളായി മാറുന്നത്, അതോടെ അവന്റെ ജീവിതം അവിടെ തീരും.”

അന്ന് കൂടെയുണ്ടായിരുന്നവർക്ക് അസുഖം വന്നു തുടങ്ങിയെന്നും അവരൊക്കെ ഇപ്പൊ എവിടെയാണെന്ന് പോലും അറിയില്ലെന്നും എല്ലാ ബന്ധങ്ങളും ഇല്ലാതെയായി എന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.