‘ആര്‍ക്കും പരാതിയുമായി ചെല്ലാം, വിശദീകരണം തേടുമ്പോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറയും’: രഞ്ജിത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കിയതില്‍ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത്. ‘അവരുടെ കയ്യില്‍ തെളിവ് ഉണ്ടെങ്കില്‍ ബോധ്യപ്പെടുത്താന്‍ സംവിധാനം ഉണ്ട്. ആര്‍ക്കും പരാതിയുമായി ചെല്ലാം. ഭൂരിപക്ഷത്തെ മുഖവിലയ്ക്ക് എടുത്ത് സാംസ്‌കാരിക സഹകരണ വകുപ്പ് മന്ത്രി തീരുമാനം പ്രഖ്യാപിക്കും. പരാതി ലഭിച്ചാല്‍ മന്ത്രി എന്റെ വിശദീകരണം തേടും. ഞാന്‍ എനിക്ക് പറയാന്‍ ഉള്ളത് പറയും,’ രഞ്ജിത്ത് വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് താന്‍ മാറണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടുവെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണെന്നും പരാതിയില്‍ കഴമ്പ് ഉണ്ടെങ്കില്‍ വകുപ്പ് മന്ത്രി നടപടി സ്വീകരിക്കട്ടെ എന്നും രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര അക്കാദമിയില്‍ രഞ്ജിത്തിന്റെ ഏകാധിപത്യമാണ് നടക്കുന്നതെന്ന ആരോപണവുമായി അംഗങ്ങള്‍ രംഗത്തെത്തിയത്. രഞ്ജിത്ത് ഉണ്ടാക്കുന്ന വിവാദ പരാമര്‍ശം ചലച്ചിത്ര അക്കാദമിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും രഞ്ജിത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് അംഗങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കിയത്.

വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഐഎഫ്എഫ്കെയ്ക്കിടെ ഒമ്പത് അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നിരുന്നു. മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരന്‍, പ്രകാശ് ശ്രീധര്‍, ഷൈബു മുണ്ടയ്ക്കല്‍ (വിസ്മയ), അഭിനേതാവ് ജോബി, സിബി, സന്തോഷ് എന്നിവരാണ് സമാന്തര യോഗം ചേര്‍ന്നത്. നടന്‍ ഭീമന്‍ രഘുവിനെതിരെയും സംവിധായകന്‍ ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെയാണ് അംഗങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഭീമന്‍രഘുവിനെ പരിഹസിച്ചത്. ഭീമന്‍ രഘു പണ്ടേ മുതലെ ഒരു കോമാളിയാണെന്നും മസ്സില്‍ ഉണ്ടെന്നെ ഉള്ളൂവെന്നുമാണ് രഞ്ജിത്ത് അഭിപ്രായപ്പെട്ടത്. ‘പണ്ടേ അവന്‍ ഒരു കോമാളിയാണ്. മസ്സില്‍ ഉണ്ടെന്നെ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്. ആളൊരു മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താനാര്‍ക്കും ആകില്ലെന്ന്. ശക്തികൊണ്ടാകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസ്സിലായില്ലെന്ന് അവന്‍ മറുപടി നല്‍കി. ഉടനെ നമ്മുടെ സുഹൃത്ത് പറഞ്ഞു, ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് നിനക്ക് മനസിലായില്ലല്ലോ എന്ന്. അതുപോലും പുള്ളിക്ക് മനസ്സിലായില്ല എന്നതാണ്’ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

‘അദൃശ്യജാലകങ്ങള്‍’ എന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഡോ. ബിജുവിന് എതിരെ രഞ്ജിത്ത് നടത്തിയ പരാമര്‍ശം.

എന്നാല്‍ രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജു രംഗത്തെത്തിയിരുന്നു. ‘തിയേറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ ഞാന്‍ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെപറ്റിയും തിയേറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ഥമാണ്,’ എന്നായിരുന്നു ഡോ. ബിജുവിന്റെ പ്രതികരണം.

More Stories from this section

family-dental
witywide