
കൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണ കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് 5.38 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയാണ് ഇഡിയുടെ നിര്‍ണായക നടപടി. ഏഴാം പ്രതിയും യുണിടാക് എംഡിയുമായി സന്തോഷ് ഈപ്പന്‍, രണ്ടാം പ്രതി സ്വപ്ന സുരേഷ് എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സന്തോഷ് ഈപ്പന്റെ വീടും സ്വത്തുക്കളും സ്വപ്നയുടെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയവയില്‍ ഉള്ളത്.
ലൈഫ് മിഷന്‍ കളളപ്പണ ഇടപാട് കേസില്‍ ഒന്നാം പ്രതി എം ശിവശങ്കറാണെന്നു കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നേരത്തെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ വാദം തുടരുമ്പോഴാണ് ഇഡിയുടെ പുതിയ നീക്കം. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കോഴയായി കോടികള്‍ കൈമാറിയെന്നാണ് കേസ്. യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണ് സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡിയുടെ വെളിപ്പെടുത്തല്‍.