ഇന്‍സ്പെക്ടര്‍ ബല്‍റാമും, സിങ്കവുമൊക്കെയായി പ്രബേഷന്‍ എസ്.ഐ, പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് സിപിഎം നേതാക്കള്‍

മലപ്പുറം: മത്സ്യ തൊഴിലാളിയുടെ ഒരു കേസുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രബോഷന്‍ എസ്.ഐ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിക്കുകയും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും സിപിഎം ജില്ലാ നേതാവിനെയും തെറിവിളിക്കുകയും ചെയ്ത സംഭവം അരങ്ങേറിയത് തിരൂര്‍ പൊലീസ് സ്റ്റേഷനിലാണ്. മത്സ്യ തൊഴിലാളിക്ക് കേസില്‍ ഹാജരാകുന്നതിന് സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി പ്രബേഷന്‍ എസ്.ഐ വിപിനിനെ വിളിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇടപെടേണ്ട എന്ന് എസ്.ഐ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഫോണില്‍ നടന്ന വാക്കുതര്‍ക്കത്തിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് സ്റ്റേഷനിലും എത്തി. വാക്കുതര്‍ക്കത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ എസ്.ഐ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി.

സംഭവം അറിഞ്ഞ് സ്റ്റേഷനിലെത്തിയ തിരൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ദീന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയന്‍ എന്നിവരെയും പ്രബേഷന്‍ എസ്.ഐ തെളിവിളിച്ചുവെന്നുമാണ് പരാതി. സംഭവത്തില്‍ എസ്.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ പൊലീസ് സ്റ്റേഷനുള്ളില്‍ കുത്തിയിരുന്നു.

ഇന്‍സ്പെകടര്‍ക്കൊപ്പം സ്റ്റേഷനുള്ളിലേക്ക് കയറിയ നേതാക്കള്‍ അവിടെ മുറിക്കുള്ളില്‍ കുത്തിയിരിക്കുകയായിരുന്നു. പിന്നീട് ജില്ലാ പൊലീസ് മേധാവി ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. അപമര്യാദയായി പെരുമാറിയ എസ്.ഐ. വിപിനിനെ എ.ആര്‍ ക്യാമ്പിലേക്ക് അന്വേഷണ വിധേയമായി സ്ഥലം മാറ്റി.

വാക്കുതര്‍ക്കത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ എസ്.ഐ സ്റ്റേഷനില്‍ നിന്ന് തള്ളിപ്പുറത്താക്കുകയും പഞ്ചായത്തിന്റെ വാഹനം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പുറത്തുകൊണ്ടുപോകാന്‍ ആക്രോശിക്കുകയും ചെയ്തുവെന്നും ആക്ഷേപമുണ്ട്.

More Stories from this section

family-dental
witywide