പന്നൂനെതിരായ വധശ്രമം : പിടിയിലായ ഇന്ത്യന്‍ പൗരനെ കൈമാറാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍ : ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കയില്‍വെച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയെ കൈമാറാന്‍ യുഎസ് ശ്രമിക്കുന്നുവെന്ന് ചെക്ക് റിപ്പബ്ലിക്കിലെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.

പിടിയിലായ നിഖില്‍ ഗുപ്തയെന്ന ഇന്ത്യന്‍ പൗരന്റെ അറസ്റ്റും താല്‍ക്കാലിക കസ്റ്റഡിയും ചെക്ക് റിപ്പബ്ലിക്കിലെ നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

പന്നൂനെ ലക്ഷ്യമിട്ടുള്ള ‘വാടക കൊലപാതകം’ ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരനായ ഗുപ്തയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച അമേരിക്കയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി.

പേരു വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ നിര്‍ദേശപ്രകാരം പന്നൂനെ അമേരിക്കയില്‍ വച്ച് കൊല്ലാന്‍ ഗുപ്ത ഗൂഢാലോചന നടത്തിയെന്നാണ് യുഎസ് അധികൃതര്‍ ആരോപിക്കുന്നത്. 52 കാരനായ ഗുപ്തയെ ഈ വര്‍ഷം ജൂണില്‍ ചെക്ക് നിയമപാലകര്‍ അറസ്റ്റ് ചെയ്തിരുന്നു. ചെക്ക് നീതിന്യായ മന്ത്രാലയത്തിന്റെ വക്താവ് വ്ളാഡിമിര്‍ റെപ്ക പറയുന്നതനുസരിച്ച്, അമേരിക്കയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്, പിന്നീട് കൈമാറാനുള്ള അപേക്ഷയും യു.എസ് സമര്‍പ്പിച്ചു. വാടകയ്ക്ക് കൊലപാതകം നടത്താനുള്ള ഗൂഢാലോചനയാണ് ഗുപ്തയ്ക്കെതിരെയുള്ള കുറ്റമെന്ന് യുഎസ് അധികാരികള്‍ വിശദീകരിച്ചു.

2023 ഓഗസ്റ്റില്‍ യുഎസ് സമര്‍പ്പിച്ച കൈമാറല്‍ അഭ്യര്‍ത്ഥന പ്രകാരം പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം, പ്രാഗിലെ മുനിസിപ്പല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ് ഗുപ്തയുടെ കൈമാറ്റം സ്വീകാര്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം ഇതുവരെ നിയമപരമാക്കിയിട്ടില്ല.

More Stories from this section

family-dental
witywide