‘അപമാനകരം’; ഗുരുദ്വാരയിൽ ഹൈക്കമ്മീഷണറെ തടഞ്ഞ സംഭവത്തിൽ ഇന്ത്യ

ന്യൂഡൽഹി: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗ്ലാസ്‌ഗോയിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒരു കൂട്ടം ഖാലിസ്ഥാൻ അനുകൂല പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യ. സംഭവത്തെ ‘അപമാനകരം’ എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.

യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഫോറിൻ, കോമൺവെൽത്ത് & ഡെവലപ്‌മെന്റ് ഓഫീസ് (എഫ്‌സി‌ഡി‌ഒ), മെട്രോപൊളിറ്റൻ പൊലീസ് എന്നിവർക്ക് സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പറയുന്നു.

സംഭവത്തിൽ സംഘാടകർ ഉൾപ്പെടെ ഒന്നിലധികം കമ്മ്യൂണിറ്റി സംഘടനകൾ ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര തർക്കത്തിനിടയിലാണ് പുതിയ സംഭവം. ആൽബർട്ട് ഡ്രൈവിൽ ഗ്ലാസ്കോ ഗുരുദ്വാര കമ്മിറ്റിയുമായുള്ള ചർച്ചക്കായാണ് ദൊരൈസ്വാമി എത്തിയത്. ഇന്ത്യൻ ഉദ്യോഗസ്ഥരെ ബ്രിട്ടനിലെ ഒരു ഗുരുദ്വാരയിലേക്കും സ്വാഗതം ചെയ്യുന്നില്ലെന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞു.

കാനഡയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. നിജ്ജാർ വധത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഇന്ത്യയുടെ പതാക കത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകൾക്ക് നേരെ ചെരിപ്പെറിയുകയും ചെയ്തു. പൊലീസ് ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുന്നിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നടത്തിയ കൂടിക്കാഴ്ചയിലും പ്രശ്നം ചർച്ചയായിരുന്നു.

More Stories from this section

family-dental
witywide