അധികാരവും മോദിയുടെ ആത്മാവും അദാനിക്കൊപ്പം; ബിജെപി യുവാക്കളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമത് പ്രധാനമന്ത്രിയും രണ്ടാമത് അദാനിയും മൂന്നാമത് അമിത് ഷായും ആണ് എന്നായിരുന്നു തന്റെ ധാരണ. എന്നാൽ ആ ധാരണ തെറ്റായിരുന്നു. ഇന്ത്യയിൽ ഒന്നാമൻ അദാനിയാണെന്ന് തിരിച്ചറിയുന്നെന്നും രാഹുൽ പരിഹസിച്ചു.

“അദാനിക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ കേസെടുക്കും. അദ്ദേഹത്തിന്റെ ശബ്ദമാണ് പ്രധാനമന്ത്രി. വിമാനത്താവളങ്ങളും വ്യവസായങ്ങളും അദാനിക്ക് തീറെഴുതി. രാജ്യത്തിന്റെ സ്വത്തുക്കള്‍ അദാനിക്ക് കീഴ്‌പ്പെടുത്തുന്ന പ്രവൃത്തികളാണ് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു. സമയമാകുമ്പോൾ അദാനി സർക്കാരിനെ എങ്ങനെ നീക്കംചെയ്യണമെന്ന് ഞങ്ങൾ കാണിച്ചുതരാം. സർക്കാരിനെ ഒഴിവാക്കുന്നതിലൂടെ അദാനിയെ നീക്കം ചെയ്യുമെന്ന് കരുതരുത്. നിലവിൽ രാജ്യത്തുടനീളം നടക്കുന്ന കുത്തകവത്കരണത്തിന്റെ പ്രതീകമാണ് അദ്ദേഹം. ബിജെപിയുടെ സാമ്പത്തിക വ്യവസ്ഥ ആദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു,” രാഹുൽ പറഞ്ഞു.

പ്രതിപക്ഷ എം.പിമാരുടെ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണത്തില്‍ കേന്ദ്രത്തിനെതിരേ രാഹുൽ രൂക്ഷവിമർശനം ഉന്നയിച്ചു. തന്റെ ഓഫീസിലെ എല്ലാവര്‍ക്കും ആപ്പിളിന്റെ സന്ദേശമെത്തിയെന്ന് രാഹുല്‍ പറഞ്ഞു. യുവാക്കളുടെ ശ്രദ്ധതിരിക്കാനാണ് ബിജെപി ശ്രമമെന്നും രാഹുൽ ആരോപിച്ചു. എത്ര വിവരങ്ങൾ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്നും നിങ്ങൾക്ക് തന്‍റെ ഫോൺ വേണമെങ്കിൽ തരാമെന്നും രാഹുൽ വ്യക്തമാക്കി.

“ചോർത്തലിന് പിന്നിൽ കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്ത ആക്രമണകാരികളാണ്. ഇത് ക്രിമിനലുകളുടെയും കള്ളന്മാരുടെയും സൃഷ്ടിയാണ്. ഇന്ത്യയുടെ രാഷ്ട്രീയം ഞങ്ങൾ മനസ്സിലാക്കി. ബിജെപി യുവാക്കളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.”