ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; എറണാകുളത്ത് കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് അഞ്ചം സംഘംസഞ്ചരിച്ച കാർ പുഴയിലേക്കു മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യാശുപത്രിയിലെ ഡോ. അദ്വൈതും ഡോ. അജ്മലുമാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലാണ് അപകടം ഉണ്ടായത്. മൂന്നുപേരെ രക്ഷപ്പെടുത്തി.

ഗൂഗിൾ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചതെന്നാണ് വിവരം. എറണാകുളം ജില്ലയിൽ കനത്തമഴ തുടരുന്നതിനിടെയാണ് ദാരുണ സംഭവം. മഴയുടെ ശക്തി കാരണം കാഴ്ച മറഞ്ഞതാണ് അപകട കാരണം. ഗൂഗിൾമാപ്പ് നൽകിയ ഡയറക്ഷനുകളിൽ ദിശതെറ്റി വാഹനം പുഴയിൽ വീഴുകയായിരുന്നു.

ഡോക്ടർമാരോടൊപ്പം ഒരു മെയിൽ നഴ്സും ഒരു മെഡിക്കൽ വിദ്യാർത്ഥിയും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12.30 ഓടെ കൊച്ചിയിൽ ഒരു പാർട്ടിക്കു ശേഷം അഞ്ചംഗ സംഘം കാറിൽ കൊടുങ്ങരൂലേക്ക് മടങ്ങുകയായിരുന്നു.

പെണ്‍കുട്ടിയായ ഒരു മെഡിക്കൽ വിദ്യാർത്ഥി അടക്കം മൂന്നുപേരെയാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. രണ്ടുപേരുടെ മൃതദേഹം പുഴയിൽ ഒഴുകി കിടക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.

രക്ഷപ്പെടുത്തിയ മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ ഡോർ തുറന്ന നിലയിലായിരുന്നതു കൊണ്ടാണ് മൂന്നുപേരെ എളുപ്പത്തിൽ രക്ഷപ്പെടുത്താൻ സാധിച്ചത്. ഒന്നര മണിക്കൂറിനുശേഷമാണ് കാർ പുറത്തെടുക്കാൻ സാധിച്ചത്.