വാഷിങ്ടണ്‍: കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയെന്ന കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കീഴടങ്ങി.അറ്റ്ലാന്റയിലെ ഫുള്‍ട്ടന്‍ ജയിലില്‍ കീഴടങ്ങിയ ട്രംപിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വിചാരണവരെയാണ് ജാമ്യകാലയളവ്. രണ്ട് ലക്ഷം ഡോളറിന്റെ ബോണ്ടിലാണ് ജാമ്യം. 13 കുറ്റങ്ങളാണ് ട്രംപിനെതിരെയുള്ളത്. സാധാരണ കുറ്റവാളികളോട് സ്വീകരിക്കുന്ന അതേ നിലപാടാണ് ഫുള്‍ടന്‍ ജയില്‍ അധികൃതര്‍ ട്രംപിനോടും സ്വീകരിച്ചത്. അറസ്റ്റ് ചെയ്തതിനു പിന്നാലെ കുറ്റവാളിയുടെ ഫോട്ടോ എടുക്കുക എന്ന നടപടിക്രമം ട്രംപിന്റെ കാര്യത്തിലും തുടര്‍ന്നു. ഏതാണ്ട് 20 മിനിറ്റ് സമയം ട്രംപ് ഫുള്‍ടണ്‍ ജയിലില്‍ കിടന്നു. മുന്‍പ് 3 തവണ മറ്റ് കോടതികളില്‍ ട്രംപ് കീഴടങ്ങിയിരുനിനെങ്കിലും ഇത്തരം നടപടി ക്രമങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ജോര്‍ജിയയിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. മുന്‍ പ്രസിഡന്റായിരുന്നിട്ടുകൂടി ഒരു വിധ ഇളവുകളും ട്രംപിന് ലഭിച്ചില്ല. പിന്നീട് ട്രംപിന്റെ ഫോട്ടോ ഫുള്‍ട്ടന്‍ കൗണ്ടി മുഖ്യ നിയമ ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടു.
ഇതു നാലാം തവണയാണ് ട്രംപ് അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നത്. “ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. നീതി പരിഹസിക്കപ്പെടുകയാണ്”. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിനെ കൂടാതെ മറ്റ് 19 പേര്‍കൂടി ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2020 തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഇവര്‍ ശ്രമിച്ചു എന്നാണ് കേസ്.
അമേരിക്കയെ സംബന്ധിച്ച് ദുഖകരമായ ഒരു ദിനമാണിന്ന്. തിരഞ്ഞെടുപ്പിലെ കൃത്രിമങ്ങളെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ചതിനാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. ജോര്‍ജിയിലേക്ക് പോകുന്നതിനു മുന്‍പ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ബുധനാഴ്ച നടന്ന റിപ്പബ്ളിക്കന്‍ ഡിബേറ്റില്‍ ട്രംപ് പങ്കെടുക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.