തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസ്; ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 2020 ലെ തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കുറ്റക്കാരനല്ല എന്ന നിലപാട് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. കേസില്‍ വിചാരണ തുടങ്ങുന്നത് വരെയാണ് ട്രംപിനെ വിട്ടയച്ചത്.

വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം കേസിൽ വിചാരണ തുടങ്ങും വരെയാണ് വിട്ടയച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് ഉൾപ്പെടെയുള്ള നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്. ആഗസ്‌റ്റ് 28ന് രാവിലെ 10 മണിക്ക് കേസ് പരി​ഗണിക്കും. അന്ന് വിചാരണ തീയതിയും പ്രഖ്യാപിക്കും.

ട്രംപിനെതിരെ നാലു കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരുന്നത്. യുഎസിനെ കബളിപ്പിക്കുക, പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുക, ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്തുക എന്നിവയാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇതില്‍ ഏറ്റവും ഗുരുതരമായ കുറ്റത്തിന് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. യാത്രാ നിയന്ത്രണങ്ങളില്ലാതെയാണ് ട്രംപിനെ വിട്ടയച്ചത്. അതേസമയം തന്റെ അഭിഭാഷകര്‍ക്കൊപ്പമല്ലാതെ ഒരു സാക്ഷിയുമായും കേസ് ചര്‍ച്ച ചെയ്യരുതെന്ന വ്യവസ്ഥയും കോടതി നല്‍കിയിട്ടുണ്ട്.

2020 ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോടുള്ള തോൽവി ഒഴിവാക്കുന്നതിനായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാാൻ ശ്രമിച്ചു എന്ന ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തിരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിക്കുന്നതിനായി ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായി ചില ഉദ്യോ​ഗസ്ഥരും വെളിപ്പെടുത്തിയിരുന്നു.

ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. കോടതി നടപടികൾക്ക് ശേഷം പുറത്ത് വന്ന ട്രംപ് ‘അമേരിക്കയ്‌ക്ക് ഏറ്റവും ദു:ഖകരമായ ദിനമെന്ന്’പ്രതികരിച്ചു.

“ഇത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമായ ദിവസമാണ്. ഇത് ഒരു രാഷ്‌ട്രീയ എതിരാളിക്ക് നേരെയുള്ള പീഡനമാണ്. നിങ്ങൾക്ക് ഒരാളെ തോൽപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ അയാളെ പീഡിപ്പിക്കുകയും വിചാരണ ചെയ്യുകയുമാണ്. അമേരിക്കയിൽ ഇത് സംഭവിക്കാൻ അനുവദിക്കില്ല,” ട്രംപ് പറഞ്ഞു.