
ചെന്നൈ: വിനാശകാരിയായൊരു ചുഴലിക്കാറ്റിനെ ഭീതിയോടെ കാത്തിരിക്കുകയാണ് തമിഴ്‌നാട് ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങള്‍. മുന്‍ കരുതലെന്ന നിലയില്‍ സര്‍ക്കാര്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാനും വീട്ടിലിരുന്ന് ജോലി ചെയ്യാനും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വാതിലുകളും ജനലുകളും അടച്ചിടുക, താക്കോലും രേഖകളും വിലകൂടിയ വസ്തുക്കളും സൂക്ഷിക്കുക, മരങ്ങള്‍ക്കടിയില്‍ അഭയം തേടുന്നത് ഒഴിവാക്കുക. കേടുവരാത്ത ഭക്ഷ്യവസ്തുക്കള്‍, വെള്ളം, ആവശ്യമായ മരുന്നുകള്‍ തുടങ്ങിയ നിര്‍ണായക സാധനങ്ങള്‍ ആവശ്യത്തിനു കരുതണം. കൂടാതെ, തീപ്പെട്ടികള്‍, ഫ്‌ലാഷ്ലൈറ്റുകള്‍, ബാറ്ററികള്‍, ഡ്രൈ ഫുഡ്, കത്തികള്‍, മരുന്നുകള്‍, പ്രഥമശുശ്രൂഷ കിറ്റുകള്‍ എന്നിവ എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്നിടത്ത് സുരക്ഷിതമായി സൂക്ഷിക്കുക.
ചെന്നൈയിലും സമീപത്തെ മൂന്ന് ജില്ലകളിലും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയായിരിക്കും. ചെന്നൈയുടെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലാണ്, താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ട്. നാളെ ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റ് തീരം വീശിയടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുഴലിക്കാറ്റ് മൂലം പൊതുഗതാഗത സേവനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍, അത്യാവശ്യമല്ലാത്ത യാത്രകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ നാലിനും ആറിനും ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍ പോകരുത്.
അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ കഴിയുന്ന ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ 121 ഷെല്‍ട്ടറുകളും 5,000 ദുരിതാശ്വാസ കേന്ദ്രങ്ങളും അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്. നാഗപട്ടണം, തിരുവള്ളൂര്‍, കടലൂര്‍, ചെങ്കല്‍പട്ട്, ചെന്നൈ ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.