പടിഞ്ഞാറന്‍ ഫ്ളോറിഡയില്‍ 28 കൗണ്ടികളില്‍ ഒഴുപ്പിക്കല്‍ തുടരുന്നു, ഇ‍‍ഡാലിയ നിസാരക്കാരനല്ലെന്ന് മുന്നറിയിപ്പ്

ഫ്ളോറിഡ: മെക്സിന്‍ ഉള്‍ക്കടലിലൂടെ ശക്തിപ്രാപിക്കുന്ന ഇഡാലിയ ചുഴലിക്കൊടുങ്കാറ്റ് അത്ര നിസാരക്കാരനല്ല എന്ന മുന്നറിയിപ്പാണ് നാഷണല്‍ ചുഴലിക്കാറ്റ് കേന്ദ്രം നല്‍കുന്നത്. അതിനാല്‍ അപകടം വിളിച്ചുവരുത്തുന്ന നടപടി ആരുടേയും ഭാഗത്തുനിന്ന് ഉണ്ടാകരുത് എന്ന മുന്നറിയിപ്പാണ് ഫ്ളോറിഡ പ്രാദേശിക ഭരണകൂടം നല്‍കുന്നത്.

നിലവില്‍ കാറ്റഗഡി 2 ലാണ് ഇഡാലിയ. അതിവേഗം മൂന്നിലേക്ക് മാറുന്നതോടെ അതിതീവ്രമായ ചുഴലിക്കൊടുങ്കാറ്റാകും. ഫ്ളോറിഡയുടെ പടിഞ്ഞാറൻ തീരത്തെ ബിഗ് ബെൻഡ് പ്രദേശത്ത് അതിമാരകമായ രീതിയിലായിരിക്കും കൊടുങ്കാറ്റ് വീശിയടിക്കുക.

ചുഴലിക്കാറ്റ് ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ കുറക്കാന്‍ അതിവേഗമുള്ള നടപടികളാണ് അധികൃതര്‍ തുടരുന്നത്. ജീവന്‍ അപകടപ്പെടുത്തുന്ന തരത്തിലായിരിക്കും കൊടുങ്കാറ്റ് ഫ്ളോറിഡ തീരത്തേക്ക് എത്തുക. 110 മൈലിന് മുകളില്‍ വേഗതിയില്‍ കാറ്റടിക്കുമ്പോള്‍ വീടുകളും കെട്ടിടങ്ങളും തകരാനുള്ള സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്ന പടിഞ്ഞാറന്‍ മേഖലയിലെ 28 കൗണ്ടികളില്‍ മുന്‍കരുതല്‍ നടപടികള്‍ തുടരുകയാണ്. ഇവിടങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

ഹൈവേ ടോളുകൾ ഒഴിവാക്കി, ഷെൽട്ടറുകൾ തുറന്നിട്ടുണ്ട്, കുടിയൊഴിപ്പിക്കപ്പെട്ടവരെ കൊണ്ടുപോകാൻ ഹോട്ടലുകൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30,000-ലധികം യൂട്ടിലിറ്റി തൊഴിലാളികൾ കൊടുങ്കാറ്റ് കടന്നുപോകുമ്പോൾ തകരാറുകൾ പരിഹരിക്കാൻ തയ്യാറായി നില്‍ക്കുന്നുണ്ട്. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് ഭരണകൂടം.

കൊടുങ്കാറ്റ് ഏത് ഭാഗത്തായിരിക്കും ആദ്യം അഞ്ഞടിക്കുക എന്ന് കൃത്യമായി പറയാന്‍ കഴിയാത്ത സാഹചര്യം കൂടിയുണ്ട്. ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് എത്തും എന്നല്ലാതെ അത് കൃത്യമായി എവിടെയായിരിക്കും എന്ന് അറിയാന്‍ സാധിച്ചിട്ടില്ല. നിങ്ങള്‍ മോശം കാലാവസ്ഥ കാണാന്‍ പോകുന്നു എന്നാണ് ഫ്ളോറിഡ ഗവര്‍ണര്‍ ജനങ്ങളോട് പറഞ്ഞത്. അതിനാല്‍ താമ്പാ തീരം മുതൽ വടക്കുപടിഞ്ഞാറൻ ഫ്ലോറിഡ വരെയുള്ള മേഖലകളില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.