
മലപ്പുറം: ഗവര്‍ണരുടെ പദപ്രയോഗം പദവിക്ക് യോചിച്ചതല്ലെന്ന് മുഖ്യമമന്ത്രിയുടെ വിമര്‍ശനത്തിന് മറുടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. പൊലീസ് നിഷ്‌ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും പൊലീസിനെതിരെ ഒരു പരാതിയുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എന്നാല്‍ പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. ചാന്‍സലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്നെ ആക്രമിക്കാന്‍ വരുന്നവര്‍ വരട്ടെ എന്നും സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചോളൂ എന്നും സുരക്ഷാ വേണ്ടെന്ന് ഡിജിപിക്ക് കത്ത് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വീണ്ടും ക്യാമ്പസിലെ റോഡിലിറങ്ങിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എസ്എഫ്‌ഐയെ വെല്ലുവിളിച്ചത്. കോഴിക്കോട് മാര്‍ക്കറ്റിലേക്കാണ് താന്‍ പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് സുരക്ഷ വേണ്ടന്നും കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് സ്‌നേഹമാണെന്നും പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ എസ്എഫ്‌ഐയുടെ ശക്തി കേന്ദ്രമെന്ന നിലയിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇഎംഎസ് ചെയര്‍ സന്ദര്‍ശിച്ചതെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെത്തിയ ഗവര്‍ണര്‍ ഇപ്പോഴും ക്യാമ്പസില്‍ തുടരുകയാണ്. ക്യാംപസില്‍ തനിക്കെതിരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ടാണ് ഗവര്‍ണര്‍ അഴിപ്പിച്ചത്. എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയര്‍ത്തുകൊണ്ടുമാണ് ഞായറാഴ്ച രാത്രിയോടെ ഗവര്‍ണര്‍ ബാനറുകള്‍ അഴിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങിയത്.
അതേസമയം ഗവര്‍ണറുടെ പ്രവര്‍ത്തികള്‍ കേന്ദ്രത്തെ അറിയിക്കുമെന്നും കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്ന ഗവര്‍ണരുടെ പദപ്രയോഗം പദവിക്ക് യോചിച്ചതല്ല. കേന്ദ്ര ഗവണ്‍മെന്റ് തന്നെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ് ഗവര്‍ണറുള്ളത്. ഇതു പോലുള്ള ആളുകളെ ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഇങ്ങനെയൊരു ഗവര്‍ണര്‍ രാജ്യത്ത് വേറെയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.













