
കാനോ, നൈജീരിയ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഒരു ഗ്രാമത്തില്‍ സൈനിക ഡ്രോണ്‍ അബദ്ധത്തില്‍ ഇടിച്ചിറങ്ങിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംഭവ സ്ഥലത്ത് മുസ്ലീം മതവിഭാഗക്കാര്‍ സംഘടിപ്പിച്ച മതാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഡസന്‍ കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക അധികാരികളും സൈന്യവും താമസക്കാരും തിങ്കളാഴ്ച അറിയിച്ചു. എന്നാല്‍ മരണ സംഖ്യ എത്രയെന്നോ മറ്റ് കൂടുതല്‍ വിവരങ്ങളോ സൈന്യം നല്‍കിയിട്ടില്ല. 80 പേര്‍ മരിച്ചെന്നും 60 ലധികം പേര്‍ക്ക് പരിക്കേറ്റെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
14 വര്‍ഷമായി ജിഹാദികള്‍ സംഘര്‍ഷം നടത്തുന്ന രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ബാന്‍ഡിറ്റ് മിലിഷ്യകള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ നൈജീരിയയുടെ സായുധ സേന പലപ്പോഴും വ്യോമാക്രമണത്തെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ ഭാഗമായി അയച്ച ഡ്രോണാണ് അബദ്ധത്തില്‍ ഗ്രാമത്തില്‍ ആളുകള്‍ ഒത്തുകൂടിയതിനിടയിലേക്ക് പതിച്ചത്. ഇതാണ് കൂടുതല്‍പേരുടെ ജീവനെടുത്തത്.
തീവ്രവാദികളെയും കൊള്ളക്കാരെയും ലക്ഷ്യമിട്ടുള്ള സൈനിക ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് മൗലൂദ് ആചരിക്കുന്ന മുസ്ലീം വിശ്വാസികള്‍ അബദ്ധത്തില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യം കണക്കിലെടുത്ത് കഡുന സ്റ്റേറ്റ് ഗവര്‍ണര്‍ ഉബ സാനി അന്വേഷണത്തിന് ഉത്തരവിട്ടു.












