‘സംഘടനയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം’ ; പി ജയരാജന്റെ മകനെതിരെ ഡിവൈഎഫ്‌ഐ

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ. സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടനെയെയും നേതാക്കളെയും താറടിച്ച് കാണിക്കാന്‍ ശ്രമമെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം.

ഗുരുതരമായ ആരോപണങ്ങളാണ് ജെയിനെതിരെ ഡിവൈഎഫ്‌ഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിനെ അപകീര്‍ത്തിപ്പെടുത്താന്‍ ജെയിന്‍ ശ്രമിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടനയെയും നേതാക്കളെയും താറടിച്ച് കാണിക്കുന്നു. വ്യാജ ഐഡികള്‍ ഉണ്ടാക്കി വ്യക്തിഹത്യ നടത്തുന്നു എന്നീ ആരോപണങ്ങളാണ് ഡിവൈഎഫ്‌ഐ ഉന്നയിക്കുന്നത്.

കിരണിനെതിരെ ജെയിന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പ്രസ്താവന:

‘സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ യെയും പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യല്‍ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയില്‍ ഡിവൈഎഫ്ഐക്കും നേതാക്കള്‍ക്കും എതിരെ ആര് പ്രതികരണങ്ങള്‍ നടത്തിയാലും സഭ്യമായ ഭാഷയില്‍ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തികൊണ്ടുവന്ന വിഷയം ഒരു വര്ഷം മുന്‍പ് തന്നെ ഡി.വൈ.എഫ്.ഐ ചര്‍ച്ചചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ് എന്നാല്‍ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തില്‍ താറടിച്ചുകാണിക്കാനുള്ള ഹീനശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്.

ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യല്‍ മീഡിയകളില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരില്‍ ഐഡികള്‍ നിര്‍മിച്ചും ഡി.വൈ.എഫ്.ഐ യെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.’

പാര്‍ട്ടി സംസ്ഥാന സമിതി അംഗത്തിന്റെ മകനെതിരെ ഡിവൈഎഫ്‌ഐ രംഗത്തുവന്നത് സിപിഐഎമ്മിനകത്ത് ചര്‍ച്ചയായിട്ടുണ്ട്. യുവജന സംഘടന നേതാവിനെതിരെ ജെയിന്‍ പരസ്യമായി രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

More Stories from this section

family-dental
witywide