
ചാലക്കുടി: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലന്‍ കസ്റ്റഡിയില്‍. തൃശൂര്‍ ഒല്ലൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ചയാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ നിധിന്‍ പുല്ലനും സംഘവും പൊലീസ് ജീപ്പ് തകര്‍ത്തത്. ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിന്റെ ആഹ്‌ളാദ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജീപ്പിന്റെ ചില്ല് അടിച്ചു തകര്‍ത്തത്. ഐടിഐയ്ക്ക് മുന്നിലെ കൊടിതോരണങ്ങള്‍ പൊലീസ് അഴിപ്പിച്ചിരുന്നു.
ഹെല്‍മറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് പൊലീസ് ജീപ്പ് അടിച്ചുതകര്‍ക്കുന്നതിലേക്ക് എത്തിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇതോടെ വിഷയത്തില്‍ സിപിഐഎം നേതാക്കള്‍ ഇടപെട്ടു. പൊലീസ് കസ്റ്റഡിയിലെടുത്ത നിധിനെ സിപിഐഎം നേതാക്കള്‍ മോചിപ്പിച്ചു. ശേഷം നിധിന്‍ ഒളിവിൽ പോകുകയായിരുന്നു.