തീരുന്നില്ല കരുവന്നൂര്‍: അറസ്റ്റിലായ അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ പേരിലും 63 ലക്ഷത്തിന്റെ നിക്ഷേപം

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആര്‍.അരവിന്ദനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. അരവിന്ദനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് ഇ.ഡി വ്യക്തമാക്കുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം പലയിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അതേ കുറിച്ചുള്ള അന്വേഷണത്തില്‍ അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ പേരിലും 63 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടെത്തിയെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ ഇ.ഡി പറയുന്നു.

63 ലക്ഷം രൂപ നിക്ഷേപമുള്ള അക്കൗണ്ടിന്റെ നോമിനി കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാറിന്റെ സഹോദരനാണെന്നും ഇ.ഡി കണ്ടെത്തി. അരവിന്ദാക്ഷനെയും കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ അക്കൗണ്ടന്റ് ജില്‍സിനെയും കോടതി റിമാന്റ് ചെയ്തിട്ടുണ്ട്. അരവിന്ദാക്ഷന്‍ നടത്തിയ വിദേശ യാത്രകളെ കുറിച്ച് അന്വേഷിക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.

ബെനാമി പേരില്‍ 150 കോടി രൂപ വായ്പ എടുക്കാന്‍ കൂട്ടുനിന്നു എന്നാണ് അരവിന്ദാക്ഷനും ജില്‍സിനും എതിരായ പരാതി. വായ്പ എടുക്കാനായി പരിഗണിച്ച രേഖകളില്‍ പോലും കൃത്രിമം നടന്നുവെന്നാണ് ആരോപണം. കേസില്‍ അരവിന്ദാക്ഷനെ ഈമാസം 12ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് പിന്നീട് അരവിന്ദാക്ഷന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം അരവിന്ദാക്ഷന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് ഇ.ഡിയുടെ നിലപാട്.

കരുവന്നൂര്‍ കേസ് സംസ്ഥാന സര്‍ക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന അന്വേഷണത്തില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് എന്ന ആരോപണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ സഹകരണ മേഖല ശകതമാണെന്നും സഹകരണ മേഖലയിലെ സമ്പത്തില്‍ കണ്ണുനട്ടുള്ള ചിലരുടെ നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. അതേസമയം സര്‍ക്കാരിനെ തന്നെ പ്രതികൂട്ടിലാക്കുന്ന കണ്ടെത്തലുകളാണ് കരുവന്നൂരുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. കരുവന്നൂരിലെ തട്ടിപ്പില്‍ ലോക്കല്‍ തലം മുതല്‍ സംസ്ഥാന തലം വരെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.

പല മാളങ്ങളിലും ഇ.ഡി കയറുമെന്ന സൂചന തന്നെയാണ് പുറത്തുവരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കരുവന്നൂരിലെ രാഷ്ട്രീയമായി സിപിഎമ്മിനും സര്‍ക്കാരുനും എതിരെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുമ്പോള്‍ ശക്തമായി തിരിച്ചടിക്കാന്‍ സിപിഎമ്മും ആലോചനങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി തന്നെയാകും മുഖ്യമന്ത്രി നേരിട്ട് ഈ വിഷയത്തില്‍ ആരോപണങ്ങള്‍ കടുപ്പിക്കുന്നത്.

ED s new disclosure in the Karuvannur case

More Stories from this section

family-dental
witywide