‘മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല, കുട്ടികളെ എന്റെ അടുത്ത് വരാന്‍ സമ്മതിക്കില്ല; എനിക്ക് മരിച്ചാല്‍ മതിയെന്ന് ആ അമ്മ പറയുന്നു

കൊല്ലം: 80 വയസ്സുള്ള ഭര്‍തൃമാതാവിനെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റേയും അസഭ്യം പറയുന്നതിന്റേയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും മരുമകളെ പോലീസ് അറസ്റ്റ് ചെയയ്ുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തിനിരയായ വയോധിക എണ്‍പതുകാരിയായ ഏലിയാമ്മയുടെ പ്രതികരണമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ ആറര വര്‍ഷമായി താന്‍ ഈ മരുമകളുടെ ഉപദ്രവം സഹിക്കുകയാണെന്ന് ഏലിയാമ്മ പറഞ്ഞു. കൊല്ലം തേവലക്കരയിലാണ് ഇവര്‍ താമസിക്കുന്നത്.

‘ഞാന്‍ ഇവിടെ നിന്ന് ഇറങ്ങിപ്പോകണം, മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. അടുക്കളയില്‍ പോകാന്‍ പാടില്ല. എനിക്ക് വൃത്തിയില്ല എന്നാണ് പറയുന്നത്. എന്നെ ജോലിക്കാരിയാണ് കുളിപ്പിക്കുന്നത്. എനിക്ക് മരിച്ചാല്‍ മതി. കുട്ടികളെ എന്റെ അടുത്ത് വരാന്‍ സമ്മതിക്കില്ല. കുട്ടികള്‍ കൂടി ചീത്തയായി പോകുമെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസവും മുറിയില്‍ കയറി വന്ന് ഉപദ്രവിച്ചു. ഇടിക്കുകയും അടിക്കുകയും ചെയ്തു. ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. റോഡിലേക്ക് ഇറക്കിവിട്ടപ്പോഴാണ് നാട്ടുകാര്‍ അറിയുന്നത്. ഇരുമ്പു കമ്പി കൊണ്ട് അടിച്ചു. ഒരടി തലയ്ക്ക് കൊണ്ട്. രണ്ടാമത്തെ അടി കൈ കൊണ്ട് തടഞ്ഞപ്പോള്‍ പരിക്കേറ്റു’ ഏലിയാമ്മ പറയുന്നു.

അതേസമയം, കേസില്‍ അറസ്റ്റിലായ മരുമകള്‍ മഞ്ജുമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മഞ്ജുമോള്‍ തോമസിനെതിരെ ചുമത്തിയിരിക്കുന്നത്. ഏറെ നാളായി വയോധികയെ മരുമകള്‍ ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. വീട്ടില്‍ പൂട്ടിയിടുമെന്നും ഏലിയാമ്മ പറഞ്ഞു. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ മഞ്ജുമോള്‍ തോമസ് ( 37) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് ഇവരുടെ അടിയേറ്റു പരുക്കേറ്റ ഭര്‍തൃമാതാവ് ഏലിയാമ്മ വര്‍ഗീസിനെ ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ മകന്‍ പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു.

More Stories from this section

family-dental
witywide