മോദിക്കെതിരായ ‘അപശകുനം’ പരാമർശം; രാഹുലിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘അപശകുന’ പരാമർശത്തിൽ കോൺഗ്രസ് എം പി രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കാരണം കാണിക്കൽ നോട്ടീസ്. രാജസ്ഥാനിലെ ബാർമറിൽ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് രാഹുലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്.

പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഹുൽ ഗാന്ധിയോട് നവംബർ 25ന് വൈകുന്നേരം ആറു മണിക്ക് മുമ്പ് മറുപടി നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏതെങ്കിലും വ്യക്തിയെ അപശകുനം എന്ന് വിളിക്കുന്നത് നിന്ദ്യമായ അധിക്ഷേപവും വ്യക്തിത്വഹത്യയുമാണ്. ഒരു വ്യക്തിയുടെ സൽപേരിന് കളങ്കം വരുത്തുക എന്ന വ്യക്തമായ ഉദ്ദേശത്തോടെ ഇത്തരം പരാമർശം നടത്തുന്നത് വ്യക്തിയെ സ്വഭാവഹത്യ ചെയ്യുന്നതിന് തുല്യമാണെന്നും ബിജെപി പരാതിയിൽ പറയുന്നു.

ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീം തോറ്റതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി രംഗത്തെത്തിയത്. ഇന്ത്യൻ താരങ്ങൾ നന്നായി കളിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അപശകുനമായെത്തിയതെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം.

More Stories from this section

family-dental
witywide