പുതുപ്പള്ളിയില്‍ ഓണക്കിറ്റിന് അനുമതി, കിറ്റ് വീണ്ടും വോട്ടാകുമോ?

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ ഓണക്കിറ്റ് വിതരണം തെരഞ്ഞെടിപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കേരളത്തില്‍ എല്ലായിടത്തും ഓണക്കിറ്റ് വിതരണം ചെയ്യുമ്പോള്‍ തെരഞ്ഞെടിപ്പിന്റെ പേരില്‍ പുതുപ്പള്ളിയിലെ ജനങ്ങളെ മാത്രം ഒഴിവാക്കുന്നതെങ്ങിനെ എന്നതായിരുന്നു സര്‍ക്കാരിന്റെ ചോദ്യം.

ഇതോടെ ഉപാധികളോടെ ഓണക്കിറ്റ് പുതുപ്പള്ളിയിലും വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. കിറ്റ് വിതരണത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കരുത്, രാഷ്ട്രീയ പാര്‍ടികളുടെ പേരും ചിഹ്നവും കിറ്റില്‍ ഉള്‍പ്പെടുത്തരുത് തുടങ്ങിയ ഉപാധികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

നാളെ റേഷന്‍ കടകളില്‍ നിന്നും മാവേലി സ്റ്റോറുകളില്‍ നിന്നും അര്‍ഹമായവര്‍ക്ക് ഓണക്കിറ്റുകള്‍ വാങ്ങാം. പുതുപ്പള്ളി നിയമസഭ മണ്ഡലത്തില്‍ 10,000 പേര്‍ക്കാണ് ഓണക്കിറ്റിന് അര്‍ഹതയുള്ളത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഓണക്കിറ്റുകള്‍ പുതുപ്പള്ളിയില്‍ നല്‍കാന്‍ സര്‍ക്കാരിന് അനുമതി നല്‍കണോ എന്നതില്‍ അഭിപ്രായം തേടി സംസ്ഥാന ഇലക്ട്രറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഓഗസ്റ്റ് 25ന് കത്തയച്ചിരുന്നു. ആ കത്തിനുള്ള മറുപടിയിലാണ് ഉപാധികളോടെ ഓണക്കിറ്റ് വിതരണം ആകാം എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്.

കെട്ടിക്കലാശത്തിന് തൊട്ടുമുമ്പ് തെര‍ഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിയ ഓണത്തിനും പിണറായിയുടെ ഓണക്കിറ്റിനും പുതുപ്പള്ളിയില്‍ എന്ത് ചലനമുണ്ടാക്കാന്‍ സാധിക്കുമെന്ന് കാത്തിരുന്ന് കാണാം.

More Stories from this section

family-dental
witywide