
ന്യൂഡല്‍ഹി: ലോക് സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജ്യത്ത് ഏറെ നിര്‍ണായകമാകാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കുകയാണ്. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണന്റെ വാര്‍ത്താ സമ്മേളനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുകയും കമല്‍നാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തതാണ്. പക്ഷെ, പിന്നീട് എംഎല്‍എമാര്‍ മറുകണ്ടം ചാടിയതോടെ കല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുകയും ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാവകും ചെയ്തു. മധ്യപ്രദേശിലെ ശക്തനായ കോണ്‍ഗ്രസ് നേതാവ് ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയി. ഇപ്പോള്‍ കേന്ദ്ര മന്ത്രിയാണ് ജ്യോതിരാദിത്യസിന്ധ്യ. നേതാക്കള്‍ പലരും പോയെങ്കിലും മധ്യപ്രദേശിലെ ജനങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് ഇത്തവണ കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ അധികാരം പിടിക്കാനാകുമെന്ന ഉറച്ച് പ്രതീക്ഷയിലാണ് ബിജെപി. പാര്‍ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. മുഖ്യമന്ത്രി അശോക് ഖെലോട്ടും ഉപമുഖ്യന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റും പരസ്യ ഏറ്റുമുട്ടലാണ് രാജസ്ഥാനില്‍ നടത്തുന്നത്. താനാണ് ഹൈക്കമാന്റ് എന്ന് കഴിഞ്ഞ ദിവസം അശോക് ഖെലോട്ട് പറയുകയും ചെയ്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്ന അശോക് ഖെലോട്ട് നിലവില്‍ കോണ്‍ഗ്രസ് നേതൃത്തിന്റെ കണ്ണിലെ കരടുകൂടിയാണ്. അത് പരമാവധി മുതലാക്കാന്‍ സച്ചിന്‍ പൈലറ്റും ശ്രമിക്കുന്നു. അങ്ങനെ കോണ്‍ഗ്രസിനെ സംബന്ധിച്ച് രാജസ്ഥാന്‍ വലിയ തലവേദനയാണ്. അതിനിടയിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് വലിയ പ്രതിസന്ധികള്‍ നേരിടുമ്പോഴും അത്ര സുരക്ഷിതമാണ് ബിജെപിയുടെ സ്ഥിതിയെന്നും പറയാനാകില്ല. ബിജെപിയിലും ആഭ്യന്തര പ്രശ്നങ്ങള്‍ ചെറുതല്ല.
കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമാണ് ചത്തീസ്ഗഡ്. ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രിയായ ചത്തീസ്ഗഡ് തിരിച്ചുപിടിക്കാന്‍ വലിയ രാഷ്ട്രീയ നീക്കങ്ങള്‍ തന്നെയാണ് ബിജെപി നടത്തുന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രം കൂടിയായ ചത്തീസ്ഗഡില്‍ കഴിഞ്ഞ കുറച്ചുകാലമായി സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതേസമയം ചത്തീസ്ഗഡില്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ എന്നാണ് ബിജെപിയുടെ ആരോപണം. രമണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കിയാണ് 2018ല്‍ ഭുപേഷ് ഭാഗല്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. രാജസ്ഥാനിലെ പോലെ വലിയ ആഭ്യന്തര പ്രശ്നം ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിനില്ല.
ദക്ഷിണേന്ത്യന്‍ സംസ്ഥാനം കൂടിയായ തെലങ്കാനയില്‍ ആകര്‍ഷകമായ തെരഞ്ഞെടുപ്പ് തന്നെയായിരിക്കും ഇത്തവണത്തേത്. ചന്ദ്രശേഖര്‍ റാവുവിന്റെ ആധിപത്യം തകര്‍ക്കാന്‍ ഇത്തവണ ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടത്തിനാണ് ഇറങ്ങുന്നത്. വലിയ വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ റാലിയും ചന്ദ്രശേഖര്‍ റാവുവിനെതിരെ വെടിപൊട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയും ഇതിനകം തെലങ്കാനയില്‍ നടന്നുകഴിഞ്ഞു. അങ്ങനെ ശക്തമായ ത്രികോണ മത്സരമായിരിക്കും തെലങ്കാനയില്‍ ഇത്തവണ നടക്കുക. കര്‍ണാടക നഷ്ടപ്പെട്ടത് ദക്ഷിണതേന്ത്യയില്‍ വലിയ തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടാക്കിയത്. ആ നഷ്ടം തെലങ്കാനയിലൂടെ പരിഹരിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി.
വടക്കുകിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. മണിപ്പൂരിലെ കാഴ്ചകള്‍ ലോകത്തെ തന്നെ ഞെട്ടിക്കുകയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഭ്യന്തര പ്രശ്നങ്ങള്‍ അതിരൂക്ഷമായി തുടരുകയും ചെയ്യുമ്പോഴാണ് മിസോറാം തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. മണപ്പൂരിന്റെ സ്വാധീനം മിസോറാമില്‍ പ്രതിഫലിക്കുമോ എന്നത് കാത്തിരുന്ന് കാണാം.
അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാകും എന്നാണ് രാഷ്ട്രീയരംഗം വിലയിരുത്തുന്നത്. അഞ്ച് സംസ്ഥാനങ്ങലില്‍ രണ്ടിടത്തും അധികാരം നിലനിര്‍ത്തി തെലങ്കാന പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ, എല്ലാ സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരുമോ, തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു കരുത്ത് തെളിയിക്കുമോ തുടങ്ങിയ രാഷ്ട്രീയ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ഏതായാലും ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്തുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന് തുടക്കമാകാന്‍ പോവുകയാണ്.
Elections in five states will be announced today