
ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാവരെയും ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ടെസ്ല മേധാവി ഇലോൺ മസ്‌ക്. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ശക്തി എന്നാണ് എഐ യെ അദ്ദേഹം വിശേഷിപ്പിച്ചത്.
ലണ്ടനിൽ നടന്ന എ.ഐ ഉച്ചകോടിയിൽ യു.കെ പ്രധാനമന്ത്രി റിഷി സുനകുമായുള്ള കൂടിക്കാഴ്ചയിലാണ് മസ്ക് ഇക്കാര്യം പറഞ്ഞത്.
“ഒരു ജോലിയും ആവശ്യമില്ലാത്ത ഘട്ടം വരും. നിങ്ങൾക്ക് വേണമെങ്കിൽ എന്തെങ്കിലും ജോലി നേടാം… വ്യക്തിപരമായ സംതൃപ്തിക്കായി മാത്രം. എന്നാൽ നിർമിത ബുദ്ധിക്ക് എല്ലാം ചെയ്യാൻ കഴിയും. ഭാവിയില്‍ ജോലികളൊന്നും ഉണ്ടാവില്ല. എഐ അവയെല്ലാം കയ്യടക്കും.” മസ്‌ക് പറഞ്ഞു.
അതേസമയം, ടെസ്‍ല കാറുകളടക്കം തന്റെ കമ്പനി നിർമിക്കുന്ന ഉത്പന്നങ്ങളിൽ ഇലോൺ മസ്ക് എ.ഐ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ, എ.ഐ സാങ്കേതിക വിദ്യകൾക്കായി കോടികൾ നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്. എങ്കിലും, എ.ഐ മനുഷ്യ സമൂഹത്തിന് ഭീഷണിയുയർത്തുമെന്ന് തന്നെയാണ് മസ്കിന്റെ പക്ഷം.
ഹ്യുമനോയ്ഡ് റോബോട്ടുകളുമായി ബന്ധപ്പെട്ടും മസ്ക് തന്റെ ആശങ്കയറിയിച്ചു. “അവയുടെ വരവോടെ മനുഷ്യരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയുണ്ട്. ഒരു കാറിന് നിങ്ങളെ ഒരു കെട്ടിടത്തിനുള്ളിലും മരത്തിന് മുകളിലും പിന്തുടര്‍ന്ന് വരാന്‍ സാധിക്കില്ലല്ലോ..” മസ്ക് പറഞ്ഞു.













