‘ആശങ്കയുടെ ആവശ്യമില്ല; കോവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം വിളിച്ച അവലോകന യോഗം

ന്യൂഡല്‍ഹി: കോവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച അടിയന്തര യോഗം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് മുന്നോട്ടു പോകേണ്ട സാഹചര്യമാണിതെന്നും ജനങ്ങള്‍ക്കിടയിലേക്ക് ബോധവത്കരണം എത്തിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. അവലോകന യോഗം അവസാനിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി അടിയന്തര യോഗം വിളിച്ചത്.

കോവിഡ് വകഭേദം ജെഎന്‍ 1 രാജ്യത്ത് സ്ഥിരീകരിക്കുകയും കേരളം അടക്കം പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയും ശ്വാസകോശ അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. നിലവില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും ആശുപത്രികളില്‍ മൂന്നുമാസം കൂടുമ്പോള്‍ മോക്ക് ഡ്രിലുകള്‍ നടത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ജാഗ്രത വേണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 519 കൊവിഡ് കേസുകളും മൂന്ന് മരണവുമാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 115 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇന്നലെ അത് ഇരട്ടിയിലധികമായി ഉയര്‍ന്നു. രാജ്യമൊട്ടാകെ 24 മണിക്കൂറിനിടെ 614 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് മാസത്തിനിടയിലെ പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്ത് നിലവില്‍ 150 ലേറെയാണ് പ്രതിദിന കൊവിഡ് രോഗികള്‍.

More Stories from this section

family-dental
witywide