
തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ച് നേതാക്കള്‍. ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റായി തുടര്‍ന്ന ഒരാളെയാണ് നഷ്ടമായതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉള്‍ക്കൊള്ളാനാവാത്ത വേദനയാണ് കാനത്തില്‍ വിട വാങ്ങലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു.
സീതാറാം യച്ചൂരി
ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റായി തുടര്‍ന്ന ഒരാളെയാണ് നഷ്ടമായതെന്ന് സീതാറാം യച്ചൂരി പറഞ്ഞു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ആശ്രാന്തപരിശ്രമം നടത്തിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനത്തിന്റെ വിയോഗം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
എംവി ഗോവിന്ദന്‍
സഖാവ് കാനത്തിന്റെ വിടവാങ്ങല്‍ ഉള്‍ക്കൊള്ളാനാവാത്ത വേദനയാണ്. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത ഇടതുപക്ഷത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെയും കനത്ത നഷ്ടമാണ്. മികവുറ്റ സംഘാടകനും ദിശാബോധമുള്ള നേതാവുമായിരുന്നു സഖാവ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ഉയിര്‍പ്പിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ഉജ്ജ്വലനായ സഖാവാണ് കാനം. ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന സൗഹൃദം കൂടിയാണ് കാനത്തിന്റെ വിടപറയലിലൂടെ ഓര്‍മ്മയാകുന്നത്. ഇടതുമുന്നണിയെ കരുത്തുറ്റതാക്കുന്നതില്‍ സഖാവ് കാനം വഹിച്ച പങ്ക് വളരെ വലുതാണ്. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങള്‍.
മന്ത്രി എംബി രാജേഷ്
എല്‍ ഡി എഫില്‍ കുഴപ്പമുണ്ടാക്കാനുള്ള എതിരാളികളുടെ ശ്രമങ്ങളെ സമര്‍ത്ഥമായി പ്രതിരോധിച്ച് പരാജയപ്പെടുത്തിയ നേതാവായിരുന്നു കാനമെന്ന് മന്ത്രി എംബി രാജേഷ്. മിതവും ശക്തവുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍. പറയാനുള്ളത് ഏറ്റവും സൗമ്യമായും ഏറ്റവും വ്യക്തമായും അദ്ദേഹം പറഞ്ഞിരുന്നു. മതനിരപേക്ഷതയും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് കാനത്തിന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേര്‍പാടില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അധ്വാനിക്കുന്ന തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം മനുഷ്യസ്‌നേഹം ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകനായിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മുന്‍നിരക്കാരനായ കാനം രാജേന്ദ്രന്റെ വിയോഗം പൊതുജീവിതത്തില്‍ കനത്ത നഷ്ടമാണ് വരുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാര്‍ടി പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും ധനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എ വിജയരാഘവന്‍
കാനവുമായുള്ള വളരെ ഹൃദ്യമായുള്ള സൗഹൃദം, സഖാക്കളെന്ന നിലയിലുള്ള വളരെ അടുത്ത ബന്ധം, ഏറ്റവും കരുത്തും കരുതലും നല്‍കിയ നേതാവ് ഈ നിലയിലെല്ലാം വളരെ ആഴമേറിയ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് എ വിജയരാഘവന്‍. രാഷ്ട്രീയപരമായും സംഘടനാപരമായും രാജ്യത്തിന്റെ സാമൂഹ്യ – രാഷ്ട്രീയ വിഷയങ്ങളിലെല്ലാം തന്നെ ഒരുമിച്ചുള്ള തീരുമാനങ്ങളെടുക്കുമ്പോള്‍ അതിനെല്ലാം സഹായകരമായ നിലപാട് അദ്ദേഹം ഇപ്പോഴും സ്വീകരിച്ചിരുന്നു.
വിഡി സതീശന്‍
ഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രന്‍. 19ാം വയസില്‍ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനും അവ സഭയില്‍ അവതരിപ്പിത്തു പരിഹാരം ഉണ്ടാക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വെളിയം ഭാര്‍ഗവന്‍, സികെ ചന്ദ്രപ്പന്‍ തുടങ്ങിയ മുന്‍ഗാമികളെ പോലെ നിലപാടുകളില്‍ കാനവും വിട്ടുവീഴ്ച ചെയ്തില്ല.
ഡി രാജ
സിപിഐക്കും ഇടതു മുന്നണിക്കും വലിയ നഷ്ടമാണ് കാനത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണദ്ദേഹം. വലത്, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് അദ്ദേഹത്തെ നഷ്ടമായത്. യൂത്ത് വിങിന്റെ ഭാഗമായിരുന്നപ്പോള്‍ മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. ദേശീയ തലത്തിലും പാര്‍ട്ടിക്ക് വലിയ നഷ്ടമാണ്. യുവജന പ്രസ്ഥാനത്തിന്റെ ക്രിയാത്മക നേതാവായിരുന്നു അദ്ദേഹം. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ മികച്ച നേതാവു കൂടിയാണ് കാനം.
മന്ത്രി ആര്‍ ബിന്ദു
സമുന്നതനായ പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കുള്ള സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം ഏറ്റവും ദുഃഖകരമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി മികച്ച നിയമസഭാ സാമാജികനായും സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും ഉയര്‍ന്ന കാനത്തിന്റെ വ്യക്തിത്വം എക്കാലത്തും സമാദരണീയമായിരുന്നു. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളോടുള്ള പോരാട്ടത്തിലും അവരോട് ചാര്‍ച്ച പുലര്‍ത്തുന്ന കോണ്‍ഗ്രസിനെ തുറന്നുകാട്ടുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു സഖാവ് കാനം. ഓര്‍മ്മയില്‍ എന്നുമുണ്ടാവും, ലാല്‍ സലാം.
രമേശ് ചെന്നിത്തല
രാഷ്ട്രീയ കേരളത്തിന്റെ തലയെടുപ്പുള്ള നേതാവ്. ഏറ്റവും അടുത്ത സുഹൃത്തും ഏക്കാലത്തും ഹൃദ്യമായ വ്യക്തിത്വവും കാത്തുസൂക്ഷിച്ച കാനം രാജേന്ദ്രന് പ്രണാമം. സി പി ഐ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകയായ കാനം തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ആരെത്തിര്‍ത്താലും തുറന്നു പറയാന്‍ മടി കാണിച്ചിരുന്നില്ല. രാഷ്ട്രീയ എതിരാളികളെ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കുകയും ഒപ്പം അവരോടുള്ള സൗഹൃദവും സ്‌നേഹവും ഒട്ടും കുറയാതെ നിലനിര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
ഒരു കമ്യൂണിസ്റ്റ്ക്കാരന്റെ ലാളിത്യം പ്രകടമാക്കിയ കാനത്തിന്റെ കര്‍മ്മമണ്ഡലം ത്യാഗപൂര്‍ണ്ണമായതു കൊണ്ടാണ് അദ്ദേഹം പ്രസ്ഥാനത്തിന്റെ ഉന്നത പദവിയിലെത്തിയത് , നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ അറിഞ്ഞു ഇടപ്പെടുകയായിരുന്നു. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ അര്‍പ്പണബോധത്തോടെ നയിച്ച നേതാവ് കൂടിയായിരുന്നു കാനം. പ്രണാമം.
കെ സുരേന്ദ്രന്‍
ഇടതുപക്ഷത്തെ സൗമ്യ മുഖമായിരുന്നു കാനം. നിലപാടുകള്‍ വെട്ടിത്തുറന്നു പറയാനുള്ള ആര്‍ജവം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സിപിഐയുടെ ജനകീയ മുഖമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിര്‍ രാഷ്ട്രീയ ചേരിയിലാണെങ്കിലും കാനവുമായി നല്ല വ്യക്തി ബന്ധമുണ്ടായിരുന്നു.
എഎ റഹീം എംപി
സഖാവ് കാനം രാജന്ദ്രന്‍ വിട വാങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് ഒരു മികച്ച മനുഷ്യസ്നേഹിയെ കൂടിയാണ്. 19ാം വയസില്‍ എ ഐ വെ എഫിന്റെ സംസ്ഥാന സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് സഖാവ് കേരള രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്.എല്ലാവരോടും സ്നേഹവും സൗമ്യയതും വച്ചുപുലര്‍ത്തിയിരുന്ന കാനം രാജേന്ദ്രന്‍ പുതുതലമുറക്ക് എല്ലാകാലവും മാതൃകയാണ്. തൊഴിലാളിവര്‍ഗ നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ട് നാടിന്റെ നന്മയ്ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് ജീവിതത്തില്‍ ഉടനീളം സഖാവ് കാനം രാജേന്ദ്രന്‍ പകര്‍ന്നു നല്‍കിയത്.
എംവി ജയരാജന്‍
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കാനം രാജേന്ദ്രന്റെ വേര്‍പാടിലൂടെ സൃഷ്ടിച്ചിരിക്കുന്നതെന്ന് എംവി ജയരാജന്‍. സിപിഐയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ മാത്രമല്ല, ദൈനം ദിന രാഷ്ട്രീയ പ്രശ്‌നങ്ങളിലെല്ലാം തൊഴിലാളികളുടെയും കൃഷിക്കാരുടെയും പക്ഷത്തുനിന്ന് ശക്തമായ നിലപാട് സ്വീകരിക്കുന്ന ഒരു വിപ്ലവകാരിയായിരുന്നു അദ്ദേഹം. ട്രേഡ് യൂണിയനിലൂടെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായത്. നേരത്തെ യുവജനരംഗത്ത് ശക്തനായ ഒരു പ്രഭാഷകനും സംഘാടകനുമായിരുന്നു അദ്ദേഹം.