കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്(86) അന്തരിച്ചു. കുവൈത്തിന്റെ 16ാമത് അമീർ മരണത്തിന് കീഴടങ്ങിയതായി അമീരി ദിവാൻ കാര്യ മന്ത്രി അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിൽസയിലായിരുന്നു അദ്ദേഹം.

ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വന്നു. ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്.

കുവൈത്തിൻറെ പതിനാറാം അമീറായിരുന്നു കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം കൂടിയായിരുന്നു. 1937 ജൂൺ 25 ന് കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്മദ് അൽ ജാബർ അസ്സബാഹിന്‍റെ മകനായി ജനിച്ച അൽ ജാബിർ കുവൈത്തിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2020 സെപ്റ്റംബറിൽ ശൈഖ് സബ അഹ്മദ് അൽ ജാബർ അസ്സബാഹ് അന്തരിച്ചതിനു പിന്നാലെ കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അൽ-അഹ്മദ് കുവൈത്ത് അമീറായി ചുമതലയേറ്റത്.