മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റം; ഒഴിപ്പിക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി

മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഉന്നതരടക്കമുള്ള കയ്യേറ്റക്കാരോട് ദൗത്യ സംഘത്തിന് ഒരേ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളില്‍ രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ ജില്ലാ കളക്ടറുടെ കീഴിലുള്ള ദൗത്യ സംഘമാരംഭിച്ചിരുന്നു. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നടത്തുന്ന ഏലകൃഷി ഒഴിപ്പിച്ച് സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമിയെന്നുള്ള ബോര്‍ഡ് സ്ഥാപിച്ചു.

അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കയ്യേറിയ അഞ്ച് ഏക്കര്‍ അമ്പത്തി അഞ്ച് സെന്റ് സ്ഥലത്തെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. അതേസമയം ജനങ്ങളുടെ ഭാഗത്തുനിന്ന് ദൗത്യസംഘത്തിനു നേരെ പ്രതിഷേധമുയര്‍ന്നു. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍. ചെറുകിട കുടിയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയെന്നും പരാതിയുണ്ട്. എന്നാല്‍ അഞ്ച് സെന്റില്‍ കുറവുള്ളവരെ ഒഴിപ്പിക്കിലല്ല ലക്ഷ്യമെന്നാണ് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞത്. ഉന്നതരടക്കമുള്ള കയ്യേറ്റക്കാരോട് ദൗത്യ സംഘത്തിന് ഒരേ നിലപാടായിരിക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചു.

മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നത് അമ്പതിലധികം വന്‍കിട കെട്ടിടങ്ങളാണ്. സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ചാണ് പല കെട്ടിടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വന്‍കിട കമ്പനികള്‍ മുതല്‍ രാഷ്ട്രീയ പ്രമുഖരുടെ ബന്ധുക്കള്‍ വരെ ഈ പട്ടികയില്‍ ഉണ്ട്. മൂന്നാറിലേക്ക് ദൗത്യസംഘം മലകയറുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത നീക്കം.

കളക്ടറുടെ പട്ടികയില്‍ ഏഴ് റിസോര്‍ട്ടുകളാണ് കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി കെട്ടിപ്പൊക്കിയത്. കളക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മൂന്നാര്‍ മേഖലയിലെ മൊത്തം കയ്യേറ്റം 390 ഏക്കര്‍ മാത്രമാണ്. എന്നാല്‍ പട്ടയം പോലുമില്ലാത്ത സ്ഥലത്ത് കെട്ടിപ്പൊക്കിയിരിക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നിരവധി കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും കളക്ടറുടെ ലിസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവായി എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

More Stories from this section

family-dental
witywide