കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടിസ്, 28 ന് ഹാജരാകണം

കൊച്ചി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ എം.എം വർഗീസിന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ(ഇഡി) നോട്ടിസ്. നവംബർ 28 ന് ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാണം.

ബെനാമി വായ്പകൾ അനുവദിക്കാനായി സിപിഎം ജില്ലാക്കമ്മിറ്റിക്കു വേണ്ടി വർഗീസ് വിഹിതം വാങ്ങിയതായി കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളും മൊഴിനൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാൻ ജില്ലാ സെക്രട്ടറിയുടെ അറിവോടെ പാർട്ടിയുടെ രണ്ട് ഉപഘടകങ്ങൾ ബാങ്കിലുണ്ടായിരുന്നതായും തൃശൂരിലെ രണ്ട് ചിട്ടിക്കമ്പനികൾക്കു വേണ്ടി ബാങ്കിൽ നിന്ന് 10.5 കോടി രൂപ വീതം അനുവദിക്കാൻ പാർട്ടി സെക്രട്ടറി ശുപാർശ ചെയ്തുവെന്നും മൊഴികളിലുണ്ട്.

നേരത്തെ കേസിൽ ആദ്യഘട്ട കുറ്റപത്രം ഇഡി സമർപ്പിച്ചിരുന്നു. 55 പേരുകളായിരുന്നു പ്രതിപട്ടികയിൽ ഉണ്ടായിരുന്നത്. കേസിലെ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്.

കേസിലെ പ്രതികളായ സതീഷ്‌കുമാറിന്റെയും പി. പി കിരണിന്റെയും അറസ്റ്റ് സെപ്റ്റംബർ 4നാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 26ന് സിപിഎം നേതാവ് പി. ആർ അരവിന്ദാക്ഷനും കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്റും അറസ്റ്റിലായി. കരുവന്നൂരിൽ കോടികളുടെ കള്ളപ്പണമിടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് 12,000 പേജുള്ള പ്രാഥമിക കുറ്റപത്രത്തിൽ ആരോപിക്കുന്നത്. 50 പ്രതികളും 5 കമ്പനികളുമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. പതിനഞ്ച് കോടിയിലേറെ രൂപ ബാങ്കിൽ നിന്ന് തട്ടിയ റബ്‌കോ കമ്മീഷൻ ഏജൻറ് കൂടിയായ എ .കെ ബിജോയാണ് കേസിൽ ഒന്നാം പ്രതി. ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായ പി .പി കിരണിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളുമായിരുന്നു പ്രതിപട്ടികയിൽ ഉള്ളത്.

Enforcement Directorate issues notice to CPM Thrissur District Secretary MM Varghese in karuvannur Bank Scam

More Stories from this section

family-dental
witywide