300 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്;ഇടത് മുന്‍മന്ത്രി എ.സി. മൊയ്തീന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്

തൃശൂര്‍:കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. മൊയ്തീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 2 വ്യവസായികളുടെ വീട്ടിലും ഇ.ഡി പരിശോധന നടത്തി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന 300 കോടി രൂപയുടെ തട്ടിപ്പാണ് ഇ.ഡി. പരിശോധിക്കുന്നത്. നേരത്തേ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയില്‍നിന്നാണ് മൊയ്തീനെ കുറിച്ചുള്ള വിവരം ഇ.ഡിക്കു ലഭിക്കുന്നത്. 25 കോടി രൂപയുടെ വായ്പ ലഭിച്ച നാലു പേര്‍ മൊയ്തീന്റെ ബെനാമികളാണെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

പ്രഭാത നടത്തം കഴിഞ്ഞ് പനങ്ങാട്ടുകരയിലെ വീടിനു മുന്നില്‍ എത്തിയപ്പോള്‍ തന്നെ ഇ.ഡി സംഘം അദ്ദേഹത്തെ കാത്തു നില്‍പ്പുണ്ടായിരുന്നു. കേന്ദ്രസായുധസേനയുമായാണ് പരിശോധനയ്ക്ക് എത്തിയത്. വിവരം അറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചു കൂടിയിരുന്നു.

എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ് നടക്കുമ്പോള്‍ തന്നെ എംഎല്‍എയുമായി ബന്ധമുണ്ടെന്നു കരുതുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍കുമാര്‍ എന്ന സുഭാഷിന്റെ ചേര്‍പ്പിലെ വീട്ടിലും കണ്ണൂര്‍ സ്വദേശി സതീശന്റെ കോലഴിയിലെ വീട്ടിലും റെയ്ഡ് നടന്നു. ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പ സ്വര്‍ണം വാങ്ങുന്നയാളാണ് അനില്‍കുമാര്‍. സതീശന്‍ പണം പലിശയ്ക്ക് ഇടപാട് നടത്തുന്നയാളാണ്. അനില്‍കുമാറിനെയും സതീശനെയും കരുവന്നൂര്‍ ബാങ്കിന് പരിചയപ്പെടുത്തിയത് മൊയ്തീനാണെന്നാണ് സൂചന. കൊച്ചി ഇ.ഡി അഡീഷണല്‍ ഡയറക്ടര്‍ ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഈടില്ലാതെയും വ്യാജ രേഖകള്‍ ചമച്ചും വായ്പ നല്‍കി, ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളിപ്പിച്ചു തുടങ്ങിയ കേസുകളാണ് അന്വേഷിക്കുന്നത്.

More Stories from this section

family-dental
witywide