
തൃശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെപി വിശ്വനാഥന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 9.35 നായിരുന്നു അന്ത്യം. രണ്ടുതവണ മന്ത്രിയും ആറുതവണ നിയമസഭാംഗവുമായിരുന്നു കെ പി വിശ്വനാഥന്‍. 1991 മുതല്‍1994 വരെ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ കെപി വിശ്വനാഥന്‍ 1967 മുതല്‍ 1970 വരെ തൃശൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും 1972 മുതല്‍ കെപിസിസിയുടെ നേതൃനിരയിലും പ്രവര്‍ത്തിച്ചു. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും പിന്നീട് 1987, 1991, 1996 വര്‍ഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹത്തിന് തൃശൂര്‍ ഏര്‍പ്പെടുത്തിയ മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡും (മാതൃക സമാജിക്) ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22നാണ് കെപി വിശ്വനാഥന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദം നേടി. അഭിഭാഷകന്‍ കൂടിയായിരുന്നു കെ.പി വിശ്വനാഥന്‍.









