
ലണ്ടൻ: ബ്രിട്ടിഷ് മന്ത്രിസഭയിൽ വൻ അഴിച്ചുപണി. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ പുതിയ വിദേശകാര്യ മന്ത്രിയായി ചുമതലയേൽക്കും. ആഭ്യന്തര മന്ത്രി സുവല്ല ബ്രേവർമാനെ പ്രധാനമന്ത്രി ഋഷി സുനക്ക് പുറത്താക്കുകയും ചെയ്തു. ജയിംസ് ക്ലെവർലിയാണ് പുതിയ ആഭ്യന്തര മന്ത്രി. 2010 – 16 കാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന കാമറൺ ബ്രെക്സിറ്റ് ഹിതപരിശോധനയെ തുടർന്ന് രാജി വയ്ക്കുകയായിരുന്നു.
ബ്രിട്ടനിൽ നടന്ന പലസ്തീൻ അനുകൂല മാർച്ചുകളെയും പൊലീസ് സംവിധാനത്തെയും വിമർശിച്ചതിന് പിന്നാലെ ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങൾക്കൊടുവിലാണ് സുവല്ലയെ പുറത്താക്കിയത്. ഇന്ത്യൻ വംശജയാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ തീവ്ര വലതുപക്ഷക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. ഈ പിരിമുറുക്കം വർധിപ്പിക്കാൻ ബ്രവർമാൻ സഹായിച്ചുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
രാജ്യത്തെ പൊലീസ് സേനയെ രൂക്ഷമായി വിമർശിച്ച് കൊണ്ടാണ് ഇവർ കഴിഞ്ഞ ദിവസം ലേഖനം എഴുതിയത്. ബ്രിട്ടിഷ് ദിനപത്രമായ ദ് ടൈംസിൽ ആണ് ലേഖനം പ്രസിദ്ധീകരിച്ചത്. ലണ്ടൻ പൊലീസ് പലസ്തീൻ അനുകൂല പക്ഷപാതം കാണിക്കുന്നു എന്നായിരുന്നു ആരോപണം. ഗാസയിലെ ഇസ്രയേലി ആക്രമണങ്ങളെച്ചൊല്ലി പലസ്തീനിയൻ അനുകൂല ജനക്കൂട്ടം നടത്തുന്ന നിയമലംഘനങ്ങളെ ലണ്ടനിലെ പൊലീസ് സേന അവഗണിക്കുകയാണെന്ന് ബ്രവർമാൻ പറഞ്ഞു. ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രകടനക്കാരെ ‘വിദ്വേഷ മാർച്ച്’ നടത്തി എന്നാണ് അവർ വിശേഷിപ്പിച്ചത്. “ഈ മാർച്ചുകൾ ഗാസയുടെ സഹായത്തിനായുള്ള ഒരു നിലവിളി മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവ ചില ഗ്രൂപ്പുകളുടെ – പ്രത്യേകിച്ച് ഇസ്‌ലാമിസ്റ്റുകളുടെ – വടക്കൻ അയർലണ്ടിൽ നമ്മൾ കൂടുതൽ കണ്ടുവരുന്ന തരത്തിലുള്ള പ്രാഥമികതക്കായുള്ള അവകാശവാദമാണ്. ” അവർ ലേഖനത്തിൽ എഴുതി. പിന്നാലെയാണ് വിഷയം വിവാദമായത്.
വിഷയത്തോടെ പ്രതികരിച്ച് കൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പറയാമെന്ന് ബ്രവർമാൻ പറഞ്ഞു. “ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണ്.സമയബന്ധിതമായി എനിക്ക് കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കും,” അവർ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ബ്രാവർമാൻ ക്യാബിനറ്റ് സ്ഥാനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. നേരത്തെ, 2022 ലെ ലിസ് ട്രസ് സർക്കാരിന്റെ കാലത്ത്, അവർ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ അവരുടെ സ്വകാര്യ ഇമെയിലിൽ നിന്ന് ഒരു ഔദ്യോഗിക രേഖ പാർലമെന്ററി സഹപ്രവർത്തകന് അയച്ച് നിയമ ലംഘനം നടത്തിയതിനാൽ പദവി രാജിവെച്ചു. ആറാഴ്‌ചയ്‌ക്ക് ശേഷം ഋഷി സുനക് പുതിയ കൺസർവേറ്റീവ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ വീണ്ടും ആഭ്യന്തര സെക്രട്ടറിയായി ക്യാബിനറ്റിൽ എത്തുകയായിരുന്നു.
ex UK PM David Cameron is the new foreign minister, Rishi Sunak sacked home secretary Suella Braverman















