
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ പ്രതികളെ സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള സിസിടിവിയില്‍ രണ്ട് പ്രതികള്‍ കുടുങ്ങിയിട്ടുണ്ടെന്നും അവരുടെ നീക്കങ്ങള്‍ കണ്ടെത്തി പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.
എംബസിയിലേക്കുള്ള പ്രതികളുടെ റൂട്ട് മനസിലാക്കുന്നതിനും അവരുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനുമായി സമീപത്തെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും ഡല്‍ഹി പോലീസ് പരിശോധിക്കുകയാണ്.
ഇസ്രായേല്‍ എംബസിയുടെ അംബാസഡറെ അഭിസംബോധന ചെയ്ത് സന്ദേശം അടങ്ങുന്ന ഒരു കത്ത്, ഇസ്രായേല്‍ പതാകയില്‍ പൊതിഞ്ഞ്, സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം കണ്ടെത്തിയതിയിരുന്നു. ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍, ഗാസയിലെ ഇസ്രായേലിന്റെ നടപടികളെക്കുറിച്ച് സംസാരിക്കുകയും ‘പ്രതികാരം’ എന്ന് പറയുകയും ചെയ്യുന്നുണ്ട്. അതേസമയം, ‘സര്‍ അല്ലാഹ് റെസിസ്റ്റന്‍സ്’ എന്ന് സ്വയം തിരിച്ചറിയുന്ന ഒരു സംഘം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വൃത്തങ്ങള്‍ പറഞ്ഞു.










