ഫേസ് ബുക്കും ട്വിറ്ററും ഇന്ത്യൻ ഭരണകൂടത്തെ ഭയന്നു, സംഘടിതമായ വ്യാജപ്രചാരണം കണ്ടില്ലെന്നു നടിച്ചു

വാഷിങ്ടണ്‍ : വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ഇന്ത്യയില്‍ നടന്ന സര്‍ക്കാര്‍ അനുകൂല പ്രചാരണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ഫേസ് ബുക്കും ട്വിറ്ററും മൗന സമ്മതം നല്‍കിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വെളിപ്പെടുത്തല്‍. ജമ്മു കശ്മീരിലെ കേന്ദ്രസർക്കാർ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ കരസേനയുടെ ചിനാർ കോർ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചുവെന്നും എന്നിട്ടും ഭയം മൂലം അവ തുടരാന്‍ അനുവദിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യന്‍ ഭരണകൂടത്തെ ഭയന്ന് മെറ്റ ഉള്‍പ്പെടെയുള്ള ടെക് ഭീമന്‍മാര്‍ നടപടി സ്വീകരിച്ചില്ല. സെപ്റ്റംബർ 27ന് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഗുരുതര വെളിപ്പെടുത്തല്‍.

2019ന് ശേഷം ജമ്മു കശ്മീരിലെ അവസ്ഥകൾ സമാധാനപൂർണമാണെന്ന് വരുത്തിത്തീര്‍ക്കാനും ചൈനയ്ക്കും പാക്കിസ്ഥാനുമെതിരെ പ്രചാരണങ്ങൾ നടത്താനും വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചവെന്നാണ് റിപ്പോർട്ട് പറയുന്നത്. വിദ്വേഷപ്രചാരണങ്ങള്‍ നടത്തിവന്നിരുന്ന ചില ബിജെപി അനുകൂല അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഇന്ത്യയിലെ ഫേസ്ബുക്ക് ജീവനക്കാർ ഭയപ്പെടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ഫേസ്ബുക്കിലെ മുൻ ജീവനക്കാരുടെയും നിലവിൽ പ്രവർത്തിക്കുന്നവരുടെയും അടക്കം ഇരുപതിലധികം അഭിമുഖങ്ങളിലൂടെയും സ്ഥാപനത്തിന്റെ ആഭ്യന്തര രേഖകളുടെ അവലോകനത്തിലൂടെയുമാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് തയാറാക്കിയത്.

പാക്കിസ്ഥാനിലെ പ്രശ്നങ്ങൾ വിവരിക്കുന്ന യൂട്യൂബ് വിഡിയോകൾ, ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരാണെന്ന് പറയുന്ന പോസ്റ്റുകൾ എന്നിവയായിരുന്നു കശ്മീരിൽനിന്ന് പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടുകൾ നിരന്തരം ഷെയർ ചെയ്തിരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 370 ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ കശ്മീരിന് അഭിവൃദ്ധിയുണ്ടാകുമെന്നുള്ള പോസ്റ്റുകൾ പോലും കശ്മീരി മാധ്യമപ്രവർത്തകന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു. ചില കശ്മീരി സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്ന പോസ്റ്റുകളും ഇത്തരം അക്കൗണ്ടുകളിലൂടെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

വ്യാജ അക്കൗണ്ടുകള്‍, വിദ്വേഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ എന്നിവ കണ്ടെത്താന്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയുടെയും സംഘമാണ് ഇത്തരം പ്രചാരണങ്ങളിലെ സംഘടിത സ്വഭാവം കണ്ടെത്തിയത്. വ്യാജന്മാർ പ്രചരിപ്പിച്ച സന്ദേശങ്ങളില്‍ സമാനവാക്കുകളാണ് ഉപയോഗിച്ചിരുന്നത്, മിക്കപ്പോഴും അത് ഇന്ത്യൻ സൈന്യത്തെ പുകഴ്ത്തുന്നതായിരുന്നു. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ചിനാർ കോറിലേക്ക് എത്തിയത്. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളും ജിയോ ലൊക്കേഷനുകളും കണ്ടെത്തലിന് ബലം നല്‍കി. വ്യാജ അക്കൗണ്ടുകൾ പലപ്പോഴും കശ്മീരിലെ ഇന്ത്യയുടെ പ്രധാന സൈനിക വിഭാഗമായ ചിനാർ കോറിൻ്റെ ഔദ്യോഗിക അക്കൗണ്ടുകൾ ടാഗ് ചെയ്യുന്നുവെന്നും ഫേസ്ബുക്കിന്റെ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

എന്നാല്‍, ഫേസ്ബുക്കിന്റെ വിദഗ്ദ സംഘത്തിന്റെ കണ്ടെത്തലുകളോട് ഇന്ത്യന്‍ വിഭാഗം അനുകൂലിച്ചില്ല.. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് ഇന്ത്യ തയ്യാറായില്ല. തങ്ങൾ . വേട്ടയാടപ്പെടുമോ എന്ന ഭയമായിരുന്നു ഇതിന് പിന്നില്‍. നടപടിയുമായി മുന്നോട്ടുപോയാൽ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലാകുമെന്ന് മെറ്റാ ജീവനക്കാർ ഭയപ്പെട്ടു. ട്വിറ്ററിലെ (ഇപ്പോൾ എക്സ്) ഓഫിസുകളിൽ നടത്തിയ റെയ്ഡുകൾ ഫേസ്ബുക്കിന്റെ ഇന്ത്യൻ ഉദ്യോഗസ്ഥരിൽ ആശങ്ക ഉണ്ടാക്കിയിരുന്നെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

കർഷകപ്രക്ഷോഭകാലത്ത് ചില അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ട്വിറ്റർ ചെയ്യാതെ വന്നതോടെ അവരുടെ ഓഫിസുകളിലും ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലും കേന്ദ്ര ഏജൻസികൾ പരിശോധന നടത്തിയിരുന്നു. ഈ സാഹചര്യം ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ സുരക്ഷാ സംബന്ധിച്ച് ആശങ്കയുണ്ടാക്കി. അതുകൊണ്ടുതന്നെ ബിജെപിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വിദ്വേഷം പ്രചരിപ്പിക്കുന്നവയായാൽ പോലും പിൻവലിക്കാനോ നീക്കം ചെയ്യാനോ തയാറായില്ല റിപ്പോർട്ട് തെളിയിക്കുന്നത്.

ചിനാർ കോറിൻ്റെ വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ച റിപ്പോർട്ട് ട്വിറ്ററിന്റെ ഇന്ത്യൻ വിഭാഗത്തിന് കൈമാറിയെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അവരും നടപടിക്ക് തയാറായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.

നടപടിയെടുക്കാൻ ആരും തയാറാകാതെ വന്നതോടെ ഒരുവർഷത്തോളം വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും മൗനാനുവാദത്തോടെ പ്രവർത്തനം തുടർന്നു. പിന്നീട് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ടാണ് അക്കൗണ്ടുകൾ നീക്കം ചെയ്തത്. എന്നാൽ ആ വിവരം ഫേസ്ബുക്ക് വളരെ രഹസ്യമായി സൂക്ഷിച്ചു.

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപസമയത്തും അതിനുമുമ്പും പ്രചരിച്ച വർഗീയ പ്രചാരണങ്ങൾ നീക്കം ചെയ്യാൻ ഫേസ്ബുക്കിന്റെ ഇന്ത്യൻ വിഭാഗം ആദ്യം തയാറായിരുന്നില്ല.

ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ഭരിക്കുന്ന സര്‍ക്കാരുകള്‍ ആഗോള സോഷ്യല്‍ മീഡിയ ഭീമന്‍മാരെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു സുപ്രധാന കണ്ടെത്തല്‍. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്ത് ഉള്ളടക്കം സംരക്ഷിക്കണം ഏതൊക്കെ നീക്കം ചെയ്യണമെന്നും തീരുമാനിക്കുന്നതില്‍ ഭരണകൂടങ്ങളുടെ പങ്ക് പ്രധാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രസീൽ, നൈജീരിയ, തുർക്കി എന്നീ രാജ്യങ്ങളെയാണ് ഇന്ത്യയ്ക്ക് പുറമെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്

ഇന്ത്യ പോലെയുള്ള വലിയ വിപണി നഷ്ടപ്പെടുത്തിയാലുണ്ടാകുന്ന നഷ്ടമാണ് കേന്ദ്രസർക്കാരിന്റെ ചൊൽപ്പടിക്ക് നിൽക്കാൻ അമേരിക്കൻ വമ്പന്മാരെ പ്രേരിപ്പിക്കുന്ന ഘടകം. ചൈനയെയും റഷ്യയെയും നേരിടാൻ അമേരിക്കയ്ക്ക് മുന്നിലുള്ള ഏക മാർഗം ഇന്ത്യയായതിനാൽ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവർ ആഗോളവേദികളിൽ ഇന്ത്യയുടെ മനുഷ്യത്വവിരുദ്ധ നടപടികളെ അപലപിക്കാൻ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

Also Read

More Stories from this section

family-dental
witywide