
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന പരാതിയില്‍ ഏത് അന്വേഷണവും നടക്കട്ടേയെന്ന് നിയുക്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതില്‍ സംഘടനയ്ക്ക് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ക്രൂര മർദനമേറ്റ് തെരുവിൽ ചോരയൊലിപ്പിച്ച് സമരം നടത്തിയ ചെറുപ്പക്കാരാണ് മത്സരിച്ച് ജയിച്ചത്. ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റേത് കള്ള ആരോപണമാണ്. നാളിതുവരെ വ്യാജ ആരോപണം മാത്രമേ അദ്ദേഹം ഉയർത്തിയിട്ടുള്ളൂ. സുരേന്ദ്രൻ പറയുന്നത് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ഓർമകളാണെന്നും രാഹുൽ പരിഹസിച്ചു.
അതേസമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വിഷയം ഗൗരവമായാണ് കാണുന്നത്. സംഭവം അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.














