
പാലക്കാട്: കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടത് കാട്ടുപന്നിയില്‍ നിന്ന് രക്ഷപ്പെടാന്‍ വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ അനന്തകുമാറാണ് വൈദ്യുത കെണി സ്ഥാപിച്ചത് എന്നും ഇയാള്‍ തന്നെയാണ് മൃതദേഹങ്ങള്‍ കുഴികുത്തി മൂടിയതെന്നും പാലക്കാട് എസ്പി ആര്‍. ആനന്ദ് വ്യക്തമാക്കി.
കരിങ്കരപ്പുളളി സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിന് സമീപമാണ് പുതുശ്ശേരി സ്വദേശി സതീഷ് (22) കൊട്ടേക്കാട് സ്വദേശി ഷിജിത് (22) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ അനന്തകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെ യുവാക്കളെ ഷോക്കേറ്റ് മരിച്ച നിലയില്‍ അനന്തകുമാര്‍ കണ്ടെത്തി. അന്ന് വൈകീട്ടോടെ അനന്തകുമാര്‍ മൃതദേഹം കുഴിച്ചിട്ടു.പൊലീസിനെ ഭയന്നും കേസില്‍ അകപ്പെടാതിരിക്കാനുമാണ് അനന്തകുമാര്‍ മൃതദേഹം സ്വയം മറവു ചെയ്‌തത്. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതിനടത്തിയെന്നും എസ് പി പറഞ്ഞു.പന്നിയ്ക്ക് വച്ച കെണി സംഭവ സ്ഥലത്ത് നിന്നും എടുത്തുമാറ്റി. ചതുപ്പില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ വയറു കീറിയ നിലയിലാണ് രണ്ട് മൃതദേഹങ്ങളും ഉണ്ടായിരുന്നത്. ഒന്നിന് മുകളില്‍ ഒന്നായാണ് കുഴിയില്‍ മൃതദേഹങ്ങളുണ്ടായിരുന്നത്. കണ്ടെത്തുമ്പോള്‍ ആന്തരികാവയങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹങ്ങളെന്നും എസ് പി വിശദീകരിച്ചു.
കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ഇന്ന് രാവിലെ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് കാണാതായ യുവാക്കളുടേതാണെന്ന് സ്ഥീരീകരിച്ചത്. പ്രദേശത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടെ യുവാക്കളും സുഹൃത്തുക്കളും ആ വഴി വരുന്നത് പതിഞ്ഞിട്ടുണ്ട്. അതിനിടെ മരിച്ച രണ്ടുപേരും വഴി മാറിപ്പോവുകയായിരുന്നു. പിന്നീട് ഇവര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം മറവുചെയ്തതുപോലെ സംശയം തോന്നി പോലീസിനെ അറിയിച്ചത്.
നിലവില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍, അനധികൃതമായ വൈദ്യുതി ഉപയോഗിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കുമേലുള്ളത്.














