
ന്യൂഡൽഹി: ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിക്കും കൂട്ടാളികൾക്കും ശിക്ഷ വിധിച്ച് കോടതി. പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് ജയ്പൂർ കോടതി വിധിച്ചത്. പ്രിയ സേത്ത്, സുഹൃത്തുക്കളായ ദീക്ഷന്ത് കമ്ര, ലക്ഷ്യ വാലിയ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2018ലാണ് 28 കാരനായ ദുഷ്യന്ത് ശർമ്മ കൊല്ലപ്പെട്ടത്. മുഖ്യപ്രതിയായ പ്രിയ സേത്ത് ടിൻഡറിലൂടെയാണ് ദുഷ്യന്തിനെ പരിചയപ്പെട്ടത്. വിവാഹിതനായ ദുഷ്യന്ത്, വിവാൻ കോലി എന്നാണ് തന്റെ പേരെന്നും ദൽഹിയിലെ കോടീശ്വരനായ ബിസിനസുകാരനാണെന്നും പ്രിയയോട് കള്ളം പറഞ്ഞിരുന്നു.
പ്രിയയാകട്ടെ ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം തട്ടുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു ബന്ധത്തിന് തുടക്കമിട്ടത്. സുഹൃത്തുക്കളായ ദീക്ഷന്ത് കമ്രയേയും ലക്ഷ്യ വാലിയ എന്നിവരുടെ സഹായത്തോടെ, ദുഷ്യന്ത് വീട്ടിലേക്ക് പോകും വഴിയാണ് ഇയാളെ മൂവരും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ‘ഡൽഹി വ്യവസായി’ ദുഷ്യന്ത്, അവകാശപ്പെടുന്നത്ര സമ്പന്നനല്ലെന്ന് അവർ മനസ്സിലാക്കി. ദുഷ്യന്തിന്റെ കുടുംബത്തോട് 10 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കുടുംബം പണം നൽകാത്തതിനെ തുടർന്ന് പ്രതികൾ ദുഷ്യന്തിനെ ഒന്നിലധികം തവണ കുത്തിയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി.
“എന്റെ മകന്റെ ഫോണിൽ നിന്ന് ഞങ്ങൾക്ക് ഒരു കോൾ വന്നു, ‘പാപ്പാ, അവർ എന്നെ കൊല്ലും, അവർക്ക് 10 ലക്ഷം രൂപ നൽകി എന്നെ രക്ഷിക്കൂ,” ദുഷ്യന്തിന്റെ അച്ഛൻ രാമേശ്വർ പ്രസാദ് ശർമ്മ ആക്ടിവിസ്റ്റ് ദീപിക നാരായൺ ഭരദ്വാജുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
“പിന്നെ പ്രിയ ഫോൺ തട്ടിയെടുക്കുകയും എന്നെ ചീത്തവിളിക്കുകയും ചെയ്തു. ദുഷ്യന്തിന്റെ അക്കൗണ്ടിൽ 10 ലക്ഷം രൂപ നിക്ഷേപിക്കാൻ അവൾ എന്നോട് ആവശ്യപ്പെട്ടു. അത്രയും പണമില്ല, പക്ഷേ വൈകുന്നേരം 4 മണിക്ക് ₹ 3 ലക്ഷം തരാമെന്ന് ഞാൻ അവളോട് പറഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയ ദുഷ്യന്തിന്റെ ഡെബിറ്റ് കാർഡ് പിടിച്ചെടുത്ത് പിൻ നൽകാൻ നിർബന്ധിച്ചു. പിതാവ് 3 ലക്ഷം രൂപ നിക്ഷേപിച്ച ശേഷം കാർഡ് ഉപയോഗിച്ച് 20,000 രൂപ പിൻവലിച്ചു. തങ്ങളുടെ കുറ്റകൃത്യം പുറത്തുവരുമെന്ന് ഭയന്ന് മൂന്ന് പ്രതികളും ദുഷ്യന്തിനെ കൊലപ്പെടുത്തി.
2018 മെയ് 4 ന് ജയ്പൂരിന് പുറത്തുള്ള ഒരു ഗ്രാമത്തിൽ സ്യൂട്ട്കേസിൽ അടച്ച നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. പ്രിയയും രണ്ടാം പ്രതി ദീക്ഷന്തുമായി ലിവ്-ഇൻ റിലേഷനിലായിരുന്നു. ദീക്ഷന്തിന് 21 ലക്ഷം രൂപ കടമുണ്ടായിരുന്നു. ആ പണത്തിനായാണ് ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയത്. പണം കിട്ടുന്നതിന് മുമ്പേ ദുഷ്യന്തിനെ ഇവർ കൊലപ്പെടുത്തി.













