റോക്‌ലാൻഡ് സെന്റ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാൾ ആഘോഷിച്ചു

ന്യൂയോര്‍ക്: റോക്കലാൻഡിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പ്രധാന തിരുനാൾ (46 conklin ave Haverstraw NY ) പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുന്നാളിനോടനുബന്ധിച്ചു സെപ്റ്റംബര്‍ 8 ,9 ,10 തീയതികളിലായി ആഘോഷിച്ചു. പരിശുദ്ധ മാതാവിന്റെ തിരുന്നാൾ ചടങ്ങുകൾ ന്യൂയോർക്കിലെ റോക്‌ലാൻഡ് ക്നാനായ ഇടവക സമൂഹത്തിന് ഭക്തിനിര്‍ഭരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.


ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവർക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുത്തു. സെപ്റ്റംബര്‍ 3ന് മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ മനോഹരമായി അവതരിപ്പിക്കപ്പെട്ടു. സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച ഇടവക വികാരി ഫാ.ഡോ.ബിബി തറയിൽ തിരുന്നാളിന്റെ കൊടിയുയർത്തി. തുടർന്ന് വിശുദ്ധ കുർബാനയും (മലങ്കര റീത്തിൽ ) കുടുംബ നവീകരണ ധ്യാനവും റെവ.ഫാദര്‍ വിൻസെന്റ് ജോർജ് പൂന്നന്താനത്തിന്റെ കാർമ്മികത്വത്തിൽ നടന്നു.


ഇംഗ്ളീഷിലുള്ള കുര്‍ബാന റെവ.ഫാ.ജോസ് ആദോപ്പിള്ളിൽ അർപ്പിച്ചു . ഇടവക ദിന കലാ സന്ധ്യയുടെ ഉദ്ഘാടനം ഇന്ത്യൻ എംബസി ന്യൂയോർക്കിലെ കമ്മ്യൂണിറ്റി അഫേയർസ് കോൺസൽ എ .കെ വിജയ കൃഷ്‌ണൻ നിർവഹിച്ചു. “തിരുന്നാൾ റാസ “ഫാ ലിജോ കൊച്ചുപറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ഫാ.ജോസ് ആദോപ്പിള്ളി ,ഫാ.ജോൺസൻ മൂലക്കാട്ട് , ഫാ.സെബാസ്റ്റ്യന്‍ ഇല്ലിക്കക്കുന്നേൽ ,ഫാ .ലൂക്ക് കളരിക്കൽ എന്നിവർ സഹകാർമികരായിരുന്നു. ഫാ .ജോൺസൻ മൂലക്കാട്ട് തിരുന്നാൾ സന്ദേശം നൽകി.


ദേവാലയ ചടങ്ങുൾക്കു ശേഷം ചെണ്ടമേളത്തോടെയുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം, കുട്ടികൾ വിശുദ്ധരുടെ വേഷത്തിൽ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഫൊറാന വികാരി ഫാ. ജോസ് തറക്കൽ പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം നൽകി. തുടർന്ന് 14 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഡിട്രോയിറ്റ്‌ പള്ളിയിലേക്ക് സ്ഥലം മാറി പോകുന്ന ഫൊറോനാ വികാരി ഫാ ജോസ് തറക്കൽ അച്ചന് യാത്രയയപ്പും നൽകി. പെരുന്നാളിന്റെ വിജയത്തിനായി പ്രവർത്തിച്ച ഓരോരുത്തരോടും ഫാ .ഡോ . ബിബി തറയിൽ നന്ദി അർപ്പിച്ചു. തുടർന്ന് സ്‌നേഹവിരുന്നോടെ തിരുന്നാൾ സമാപിച്ചു.

Feast of the Blessed Virgin Mary celebrated at St Mary’s Catholic Church Rockland