
ആലപ്പുഴ: ശിശു ദിനത്തില്‍ സ്‌കൂളില്‍ പ്രസംഗിക്കാനായി ഫൈഹ മോള്‍ പഠിച്ചു വെച്ച പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആ പ്രസംഗം മാത്രമാണ് ബാക്കി. ഫൈഹ ഇനിയില്ല. അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ച നാലു വയസ്സുകാരി മരണപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്. ശിശുദിനത്തില്‍ സ്‌കൂളില്‍ സംസാരിക്കാനായി വീട്ടുകാരവളെ പ്രസംഗം പഠിപ്പിച്ചിരുന്നു. ശുചിത്വത്തെക്കുറിച്ചാണ് വീഡിയോയില്‍ ഫൈഹ സംസാരിക്കുന്നത്.
‘ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. ദിവസവും രാവിലെ എണിയിക്കുക. രണ്ടുനേരം പല്ലുതേക്കുക. ഇതെല്ലം നമുക്ക് പതിവാക്കാം. ശുചിത്വമുള്ള നാട് ആരോഗ്യമുള്ള നാട്. ഓരോ വീടും വൃത്തിയാവട്ടെ നാട് നന്നാവട്ടെ. ഇതാണ് നമ്മുടെ മുദ്രാവാക്യം. ഇതിനായി കൈകള്‍ കോര്‍ക്കാം”- ഫൈഹ മോള്‍ പ്രസംഗ വിഡിയോയില്‍ പറയുന്നു.
ഫൈഹയുടെ മരണശേഷം ഇന്ന് ശിശുദിനം എത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ക്കും പ്രീയപ്പെട്ടവര്‍ക്കും ബാക്കിയാകുന്നത് ഹൃദയം മുറിയുന്ന വേദനയാണ്. ഈരാറ്റുപേട്ട സ്വദേശി ഫാസില്‍-റാസന ദമ്പതികളുടെ മകളാണ് ഫൈഹ ഫാസില്‍. ഈരാറ്റുപേട്ടയില്‍ നിന്ന് ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു ഫാസിലും കുടുംബം. വിവാഹ സത്കാരത്തിന് ശേഷം മടങ്ങവെ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
അമിത വേഗതയിലെത്തിയ ബൈക്ക് റോഡരികിലൂടെ നടക്കുകയായിരുന്ന കുട്ടിയെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട ബൈക്ക് നിര്‍ത്താതെ പോവുകയും ചെയ്തു. കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറരയോടെ ഫൈഹ മരിച്ചു. യഥാസമയം ചികിത്സ ലഭിക്കാതിരുന്നതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം പരാതിപ്പെടുന്നു.












