ഹെൽസിങ്കി: ഫിൻലൻഡിന്റെ മുൻ പ്രധാനമന്ത്രി സന മരിൻ എംപി സ്ഥാനം രാജിവച്ചു. ഫിന്നിഷ് പാർലമെന്റ് ചൊവ്വാഴ്ച രാജി അംഗീകരിച്ചു. യുകെ ആസ്ഥാനമായുള്ള ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബലിൽ സ്ട്രാറ്റജിക് അഡ്വൈസർ എന്ന ചുമതലയേറ്റെടുക്കകയാണെന്നും അതിനാൽ പാർലമെന്റ് അംഗത്വം രാജി വയ്ക്കുകയാണെന്നും കഴിഞ്ഞ ആഴ്ച മരിൻ പ്രഖ്യാപിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെയാണ് 2019 ൽ, 34-ാം വയസ്സിൽ സന്ന മരിൻ അധികാരമേറ്റത്. നിലപാടുകൾ കൊണ്ട് രാജ്യാന്തരശ്രദ്ധ നേടിയ മരിൻ അടുത്തിടെ വീണ്ടും എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയം വിടാനുള്ള സന്നയുടെ തീരുമാനം.
മാരിന്റെ വിടവാങ്ങൽ വാർത്തകൾ പ്രശംസയ്ക്കും അതേസമയം വിമർശനത്തിനും കാരണമായി. തന്റെ രാജി അംഗീകരിച്ച പാർലമെന്റിന്റെ വോട്ടെടുപ്പിനു ശേഷം മാരിൻ മാധ്യമപ്രവർത്തകരോടു പറഞ്ഞത് ‘‘വ്യക്തിപരമായി എനിക്കു മുന്നിൽ ഒരു പുതിയ തുടക്കമുണ്ട്. ഒരു പുതിയ വാതിൽ തുറന്നിരിക്കുന്നു.’’ എന്നാണ്.
ഈ വർഷം ഏപ്രിലിൽ പിർക്കാൻമാ ജില്ലയിൽനിന്ന് 35,628 വോട്ടുകൾ നേടിയാണ് മരിൻ എംപിയായത്. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഫിൻലൻഡിന്റെ അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. വേനൽക്കാല അവധിക്കു ശേഷം പാർലമെന്റ് വീണ്ടും സമ്മേളിച്ചയുടൻ എംപി സ്ഥാനവും രാജിവയ്ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
കോവിഡ് മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്തതിന്റെ പേരിൽ മരിൻ ഭരണകൂടം രാജ്യാന്തര പ്രശംസ നേടിയിരുന്നു. നാറ്റോയുടെ 31-ാമത്തെ അംഗരാജ്യമായി ഫിൻലൻഡ് ഉയരുന്നതിലും മരിൻ പ്രധാന പങ്കു വഹിച്ചു.