ബംഗളൂരുവിലെ ‘മഡ് പൈപ്പ് കഫേ’ പബില്‍ വന്‍ തീപിടിത്തം; രക്ഷപ്പെടാനായി കെട്ടിടത്തിനു മുകളില്‍ നിന്ന് എടുത്തു ചാടി യുവാവ്

ബംഗളൂരു: ബംഗളൂരുവിലെ മഡ് പൈപ്പ് കഫേ പബില്‍ വന്‍ തീപിടിത്തം. കര്‍ണാടകയിലെ കോറമംഗലയില്‍ കാര്‍ ഷോറൂം, ജിം ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിലെ പബിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെത്തുടര്‍ന്ന് കെട്ടിടത്തിനകത്ത് കുടുങ്ങിപ്പോയവരെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. തുടക്കത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതുപോലെ സ്ഫോടനാത്മകമായ ശബ്ദം കേട്ടതായി സമീപവാസികള്‍ പോലീസിനോട് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തീപിടുത്തമുണ്ടായ വിവരം ലഭിച്ചയുടന്‍ തന്നെ ആറു യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പബിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. അതേസമയം തീപിടിച്ച കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം താഴേക്ക് ചാടുന്ന ഒരു യുവാവിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് പരിഭ്രാന്തനായ യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് രക്ഷപ്പെടാനായി ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.