വിഖ്യാത നടൻ റിച്ചാർഡ് റൗണ്ട്ട്രീ അന്തരിച്ചു

ലോസ് ഏഞ്ചൽസ് : ഹോളിവുഡിലെ കറുത്തവംശജനായ ആദ്യ ‘ആക്ഷൻ ഹീറോ’ റിച്ചാർഡ് റൗണ്ട്ട്രീ (81) അന്തരിച്ചു. അർബുദത്തെത്തുടർന്നായിരുന്നു അന്ത്യം. പാൻക്രിയാറ്റിക് അർബുദ ബാധിതനായിരുന്ന റൗണ്ട്ട്രീ ചൊവ്വാഴ്ച ലോസ് ഏഞ്ചൽസിലെ വസതിയിൽ അന്തരിച്ചതായി അദ്ദേഹത്തിന്റെ മാനേജർ പാട്രിക് മക്മിനാണ് അറിയിച്ചത്.

എഴുപതുകളുടെ തുടക്കത്തിൽ ‘ഷാഫ്റ്റ്’ സിനിമ പരമ്പരയിലൂടെ ‘ജോൺ ഷാഫ്റ്റ്’ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരനാക്കി.ഈ ചിത്രത്തിലൂടെ ഹോളിവുഡിലെ കറുത്തവംശജനായ ആദ്യ ‘ആക്ഷൻ ഹീറോ’ എന്ന ചരിത്ര നേട്ടവും റിച്ചാർഡ് റൗണ്ട്ട്രീയുടെ പേരിൽ ചേർക്കപ്പെട്ടു.

ഹോളിവുഡിലെ വിഖ്യാത നടന്മാരിലൊരാളായ റൗണ്ട്ട്രീയുടെ അഭിനയജീവിതവും പ്രവര്‍ത്തനവുമെല്ലാം ആഫ്രിക്കൻ വംശജരായ അമേരിക്കൻ പൗരന്മാർക്ക് വഴിത്തിരിവായിരുന്നു. 28-ാം വയസ്സിൽ, മോഡലായി കരിയർ ആരംഭിച്ച റൗണ്ട്ട്രീ ഹോളിവുഡ് സിനിമയുടെ മുൻനിരയിലേക്കെത്തുന്നത് 1971ൽ പുറത്തിറങ്ങിയ ‘ഷാഫ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ്. തൊട്ടടുത്ത വർഷം തന്നെ മികച്ച പുതുമുഖത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരപ്പട്ടികയിലും റൗണ്ട്ട്രീ ഇടം നേടി. 1994ൽ എംടിവി അവാർഡ്‌സിൽ സിനിമ ജീവിതത്തിലെ സംഭാവനകൾക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിനും അർഹനായി.

അടിച്ചമർത്തപ്പെട്ടുകൊണ്ടിരുന്ന കറുത്തവംശജരായ താരങ്ങളുടെ സാന്നിധ്യം ഹോളിവുഡ് സിനിമകളിൽ ഉറപ്പാക്കാൻ ഉയർന്നു വന്ന വിപ്ലവനീക്കമായിരുന്നു ‘ബ്ലാക്സ്പ്ലോയിറ്റേഷൻ’. എഴുപതുകളിൽ ഹോളിവുഡിൽ കറുത്തവംശജരായ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിക്കുകയും ആഫ്രിക്കൻ അമേരിക്കൻ പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതുമായ സിനിമകളെ മൊത്തമായി പറയുന്നതാണ് ‘ബ്ലാക്സ്പ്ലോയിറ്റേഷൻ വിഭാഗം’. ഷാഫ്റ്റ് എന്ന സിനിമയിലെ ‘ജോൺ ഷാഫ്റ്റ്’ എന്ന കഥാപാത്രത്തിലൂടെ എഴുപതുകളിൽ ബ്ലാക്സ്പ്ലോയിറ്റേഷൻ വിഭാഗത്തിലെ മുൻനിര നായകന്മാരിലൊരാളായിരുന്നു റൗണ്ട്ട്രീ.അൻപതിതിലധികം വർഷം നീണ്ടുനിൽക്കുന്നതാണ് റൗണ്ട്ട്രീയുടെ സിനിമാ ജീവിതം. 2022ൽ പുറത്തിറങ്ങിയ ‘മൂവിങ് ഓൺ’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ധാരാളം ടെലിവിഷൻ സീരീസുകളിലും റൗണ്ട്ട്രീ നിറസാന്നിധ്യമായിരുന്നു.

More Stories from this section

family-dental
witywide