
ഡെറാഡൂൺ: ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയവര്‍ സുരക്ഷിതര്‍. തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത് വന്നു. 41 തൊഴിലാളികളാണ് പത്ത് ദിവസമായി തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്. എന്‍ഡോസ്‌കോപ്പിക് ഫ്‌ളെക്‌സി ക്യാമറ വഴിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തുരങ്കത്തില്‍ കുടുങ്ങിയവരുമായി രക്ഷാപ്രവര്‍ത്തകസംഘം സമ്പര്‍ക്കം പുലര്‍ത്താന്‍ നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്. വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയാണ് നൽകുന്നത്. ഇതുവഴി എൻഡോസ്കോപ്പി കാമറ കടത്തിവിട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. വാക്കിടോക്കിയിലൂടെ രക്ഷാപ്രവർത്തകരും കുടുംബാംഗങ്ങളും തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്. 41 തൊഴിലാളികളാണ് നവംബർ 12നുണ്ടായ അപകടത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്.
ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അനുദിനം ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് തൊഴിലാളികള്‍ പ്രതികരിച്ചു. ‘രക്ഷാപ്രവര്‍ത്തനം എവിടം വരെയായി. എത്രയും വേഗം ഞങ്ങളെ പുറത്തെത്തിക്കൂ. ഓരോ ദിവസം അവസാനിക്കുമ്പോഴും കാര്യങ്ങള്‍ കഠിനമാവുകയാണ്.’ തൊഴിലാളി പറഞ്ഞു.