ഹാംസ്റ്റർ വീലിൽ അഭ്യാസം, ലക്ഷ്യം ലണ്ടന്‍; ഇറാനിയന്‍ അത്ലറ്റ് അറസ്റ്റില്‍

ഫ്ലോറിഡ: ഭീമൻ ഹാംസ്റ്റർ വീലിൽ അറ്റ്ലാന്റിക് സമുദ്രം കടക്കാന്‍ ശ്രമിച്ച ഇറാനിയന്‍ കായികതാരം അറസ്റ്റില്‍. മുന്‍പും സമാന ശ്രമങ്ങള്‍ നടത്തിയിട്ടുള്ള റെസ ബലൂച്ചിയാണ് അറസ്റ്റിലായത്. ഫ്ലോറിഡയില്‍ താമസിക്കുന്ന ഇയാള്‍ സ്വന്തമായി വീട്ടിലുണ്ടാക്കിയ ‘ഹോം മേഡ്’ വാഹനത്തില്‍ സമുദ്രത്തിലൂടെ ലണ്ടനിലേക്ക് കടക്കാനാണ് ശ്രമിച്ചത്.

ഓഗസ്റ്റ് 26-ന് ജോർജിയയിലെ ടൈബി ദ്വീപിന്റെ തീരത്ത് നിന്ന് 70 മൈൽ അകലെവെച്ചാണ് ബലൂച്ചി പിടിയിലായത്. മേഖലയില്‍ ഫ്രാങ്ക്ലിൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കെയായിരുന്നു ഇത്. യാത്രയ്ക്കിടെ യുഎസ് കോസ്റ്റ് ഗാർഡാണ് ബലൂച്ചിയെ കണ്ടെത്തിയത്. തുടർന്ന് ഏകദേശം അഞ്ച് ദിവസമെടുത്ത് അദ്ദേഹത്തെ കരയ്ക്ക് എത്തിച്ചു.

തന്റെ ‘ഹോം മേഡ്’ വാഹനത്തിന് രജിസ്റ്റ്റേഷനുണ്ടെന്ന് ബലൂച്ചി അവകാശപ്പെട്ടെങ്കിലും, ഇതുസംബന്ധിച്ച രേഖകളൊന്നും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നില്ല. ഇതിനുപുറമെ, യാത്ര അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരെ കത്തി കാണിച്ച് ആത്മഹത്യ ഭീഷണി നടത്തിയതിനും, വ്യാജ ബോംബ് ഭീഷണി ഉയർത്തിയതിനും ബലൂച്ചിക്കെതിരെ കേസെടുത്തിട്ടുണ്ട്.

അറ്റ്ലാന്റിക് സമുദ്രം കടക്കാനുള്ള ബലൂച്ചിയുടെ ആദ്യ ശ്രമമല്ല ഇത്. 2014, 2016, 2021 വർഷങ്ങളിൽ സമാന ശ്രമങ്ങള്‍ നടത്തി അദ്ദേഹം വാർത്തയായിട്ടുണ്ട്. 2014-ൽ ഫ്ലോട്ടിംഗ് പോഡില്‍ അകപ്പെട്ട ബലൂച്ചിയെ കോസ്റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. 2021-ല്‍ ഫ്ലോറിഡയിലെ സെന്റ് അഗസ്റ്റിനിൽ നിന്ന് ന്യൂയോർക്കിലേക്കായിരുന്നു ബലൂച്ചിയുടെ യാത്ര.

ഇത്തവണ, ഭവനരഹിതരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി പണം സ്വരൂപിക്കാനുമായിരുന്നു തന്റെ യാത്രയെന്ന് ബലൂച്ചി ഫോക്‌സ് 35-ന്യൂസിനോട് പറഞ്ഞു. തന്റെ സ്വപ്നത്തിലേക്ക് എത്താന്‍ വീണ്ടും ശ്രമം നടത്തുമെന്നും ബലൂച്ചി വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide