
ഫ്ളോറിഡ: കഴിഞ്ഞയാഴ്ച വിവാഹിതരായ ഫ്ലോറിഡയിലെ ദമ്പതികൾ കൊല്ലപ്പെട്ടു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച് ഒരാഴ്ച തികയുമ്പോഴാണ് വെസ്റ്റ് പാം ബീച്ചിലെ വീട്ടിൽ ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ മുൻപ് ഇതേ സ്ഥലത്ത് താമസിച്ചിരുന്ന സോണി ജോസഫത്ത് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണയ്ക്കായി പ്രതിയെ തടവിൽ പാർപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതിയിൽ വാദിക്കുന്നതിന് പ്രതിക്ക് വേണ്ടി അഭിഭാഷകനെയും കോടതി ഏർപ്പെടുത്തി.
സോണി ജോസഫത്തിന്‍റെ മകളാണ് ഏമർജൻസി നമ്പറായ 911 ൽ വിളിച്ച് പിതാവ് നവദമ്പതികളെ വെടിവെച്ച് കൊല്ലുന്നത് കണ്ടതായി അറിയിച്ചത്. വെടിവയ്പ്പ് നടന്ന വീടിന്റെ മുൻവാതിലിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നത് കണ്ടപ്പോൾ തനിക്ക് ദേഷ്യം വന്നുവെന്നും അതിനെ തുടർന്ന് തോക്കെടുത്ത് ഇരുവരെയും കൊല്ലപ്പെടുത്തിയെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.














