
കലാ ഷാഹി
തിരുവനന്തപുരം: കഴക്കൂട്ടം അമ്പലത്തിൻകര സ്വദേശികളായ സഹോദരിമാർ അനീഷക്കും ബിനീഷയ്ക്കും ഇനി കെട്ടുറുപ്പുള്ള വീടിൻ്റെ സുരക്ഷിതത്തിൽ സന്തോഷമായി ജീവിക്കാം. ചോർന്നൊലിക്കുന്ന വീടിൻ്റെ ദുരിതത്തിൽനിന്ന് അവരെ കൈപിടിച്ചു കൊണ്ടുവന്നത് അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയായ ഫൊക്കാനയും കേരളത്തിലെ ഏതാനും സുമനസ്സുകളും ചേർന്നാണ്.
ഫൊക്കാനയും ജനകീയ കമ്മിറ്റിയും ചേർന്ന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഫൊക്കാന അധ്യക്ഷൻ ബാബു സ്റ്റീഫൻ നിർവഹിച്ചു. ചടങ്ങിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും പങ്കെടുത്തു .

അനീഷയുടെയും ബിനീഷയുടെയും അമ്മ ടെൽമ മൂന്നുവർഷം മുമ്പ് മരിച്ചുപോയി. അച്ഛൻ ബിനു പ്രായത്തിൻ്റെ അവശതകൾ മറന്ന് കുട്ടികൾക്കായി ഇപ്പോഴും പണിക്ക് പോകുന്നു. ബിനുവിന് കൂലിപ്പണിയാണ്. കുട്ടികളെ കോളജിലൊന്നും അയച്ചു പഠിപ്പിക്കാനുള്ള സാമ്പത്തിക അവസ്ഥ ബിനുവിനില്ല. അതിനാൽ ബിനീഷ ഡിസ്റ്റൻ്റ് എജ്യുക്കേഷൻ വഴി വീട്ടിലിരുന്നാണ് പഠിക്കുന്നത്. അനീഷ മെഡിക്കൽ എൻട്രൻസിൽ ചേരുവാൻ കഴിയാത്തതിനാൽ അടുത്ത വീട്ടിലെ കുട്ടിയുടെ പുസ്തകങ്ങൾ വാങ്ങി വീട്ടിലിരുന്നു പഠിക്കുന്നു. ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ മേൽക്കൂര. മഴ നനഞ്ഞ് അടർന്ന് വീഴാറായ തകര ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു ചെറിയ കൂര. അതിലാണ് അവർ കഴിഞ്ഞിരുന്നത്. ഇനി അവർക്ക് ചോർന്നൊലിക്കാത്ത അടച്ചുറപ്പുള്ള സ്വന്തം വീട്ടിലിരുന്ന് പഠിക്കാം.

അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിലാണ് ഈ സഹോദരിമാരുടെ വീട് നിർമിച്ചത്. ആകെ ചെലവായ എട്ടര ലക്ഷം രൂപയിൽ നാലര ലക്ഷം രൂപ ഫൊക്കാന നൽകി. ബാക്കി തുക സിപിഎം പ്രവർത്തകരും റോട്ടറി ക്ലബും നാട്ടുകാരും ചേർന്നാണ് കണ്ടെത്തിയത്
Fokana President Babu Stephen handed over of the keys of the House built by Fokana to a poor family















