ഫുഡ് പോയിസണ്‍: വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷണം കഴിച്ചയാള്‍ക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: വിവാഹ വിരുന്നില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന എക്സൈസ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. വിവാഹത്തിന് ഭക്ഷണം വിതരണം ചെയ്ത സെന്റ്. മേരിസ് കാറ്ററിങ് സര്‍വീസിനെതിരെയാണ് കൂത്താട്ടുകുളം സ്വദേശിയും എക്സൈസ് ഉദ്യോഗസ്ഥനുമായ വി ഉന്‍മേഷ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

2019 മെയ് 5ന് കൂത്താട്ടുകുളം ചൊരക്കുഴി സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരാതിക്കാരന്റെ സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിനു ശേഷം വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടുവെന്നും തുടര്‍ന്ന് ആദ്യം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിലും പിന്നീട് നില വഷളായതിനാല്‍ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലും മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്ന് ചികിത്സ തേടേണ്ടി വന്നുവെന്നും ഉന്മേഷ് പരാതിയില്‍ പറയുന്നു.

കോട്ടയം, കാരിത്താസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ച റിസല്‍ട്ടും കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം കാറ്ററിംഗ് ഏജന്‍സിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യവിഷബാധ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. കൂടാതെ, വിവാഹത്തില്‍ പങ്കെടുത്ത മറ്റു പത്തോളം പേര്‍ക്കും ഭക്ഷ്യ വിഷബാധ ഏറ്റതായും നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു.

കാറ്ററിങ് ഏജന്‍സിയുടെ ഭാഗത്തുനിന്നും സേവനത്തില്‍ വീഴ്ച സംഭവിച്ചതായി ബോധ്യമായ കോടതി, നഷ്ടപരിഹാരമായി 40000 രൂപ 9%പലിശ നിരക്കില്‍ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി. ഡിബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

More Stories from this section

family-dental
witywide